തൊടുപുഴ :തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നിർമ്മാണത്തിന് അനുമതി ലഭ്യമാക്കുന്നതിന് അനാവശ്യ കാലതാമസവും അഴിമതിയും അവസാനിപ്പിക്കണമെന്നും സ്റ്റേജ് സർട്ടിഫിക്കറ്റ് നടപ്പിൽ വരുത്തണമെന്നും ലെൻസ്‌ ഫെഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു വന്ന ആക്ഷേപങ്ങൾ പുതിയ കാര്യമല്ല. നിർമ്മാണ മേഖലയിൽ സ്വകാര്യ നിക്ഷേപം കുറയാൻ പ്രധാന കാരണം അനാവശ്യ കാല താമസവും അഴിമതിയുമാണ്.കേരള നഗരസഭ ബിൽഡിങ്ങ് റൂൾ, പഞ്ചായത്ത്‌ രാജ് ബിൽഡിങ്ങ് റൂൾ എന്നിങ്ങനെ സംസ്ഥാനത്ത് രണ്ട് തരം കെട്ടിട നിർമ്മാണ ചട്ടങ്ങളാണുള്ളത്.കെട്ടിട നിർമ്മാണത്തിന് അനുമതിക്കായി പ്ലാൻ സമർപ്പിച്ചു കഴിഞ്ഞാൽ മുൻപ് ഒരു മാസം കൊണ്ട് തീർപ്പാക്കിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 15 ദിവസം കൊണ്ട് തീർപ്പാക്കണം എന്നാണ് വ്യവസ്ഥ.കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്കായി തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിച്ചാൽ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഫയലുകൾ മനപ്പൂർവ്വം വെച്ച് താമസിപ്പിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്.ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥിതികൾ സംബന്ധിച്ച് ഇടക്കിടക്ക് അവബോധവും നൽകണം.ഈ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത ലൈസൻസികളും ഏറെ പ്രശ്നത്തിലാണ്.നിയമമനുസരിച്ച് ലൈസൻസികൾ പ്ലാൻ തയ്യാറാക്കി നൽകുകയും നിർമ്മാണത്തിന് അനുമതി ലഭിക്കുകയും ചെയ്ത് കഴിഞ്ഞാൽ പിന്നീട് ഉണ്ടാവുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ലൈസൻസിക്ക് ഒരു ബന്ധവും ഇല്ലാത്ത അവസ്ഥയാണ് നില നിൽക്കുന്നതും.വാർത്താ സമ്മേളനത്തിൽ ലെൻസ്‌ ഫെഡ് ജില്ലാ പ്രസിഡന്റ് കെ പി രാജേന്ദ്രൻ, സെക്രട്ടറി എം പി ബാബു,കറസ്പോണ്ട് സെക്രട്ടറി കെ ബി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.