kaumudy-news-headlines

ഇടുക്കി: റിമാൻഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥർ സ്റ്റേഷന് പുറത്തെ തോട്ടത്തിൽ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ തേച്ചു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങൾ നൽകിയതാണ് പ്രകോപിപ്പിച്ചത്.

12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാൻ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലർച്ചെയുമായിട്ടാണ് ചോദ്യം ചെയ്‌തിരുന്നത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങൾ ലഭിച്ചത്.

നെടുങ്കണ്ടത്ത് ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസിൽ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ഇവിടെ നാട്ടുകാർക്കും പരാതിയും വിവരങ്ങളും നൽകാം. രാജ്കുമാറിനെ മർദ്ദിച്ച 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇടക്കാല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് സമർപ്പിക്കും.

അതേസമയം അധികാര പരിധിയിലുള്ള കോടതിയെന്ന നിലയിൽ രാജ്കുമാറിന്റെ മരണത്തെക്കുറിച്ച് പീരുമേട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടും അന്വേഷണം നടത്തുന്നുണ്ട്. തെളിവ് കൊടുക്കാൻ താത്പര്യമുള്ളവർ മജിസ്‌ട്രേട്ട് കോടതി ഓഫീസുമായി ബന്ധപ്പെടാം.

എസ്.പിക്കെതിരെ

കൂടുതൽ തെളിവുകൾ

ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുന്ന വിവരം അറിയാമായിരുന്നുവെന്നതിന് ഒരു തെളിവ് കൂടി ലഭിച്ചു. ക്രൂരമായി മർദ്ദനമേറ്റ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് എസ്.പിക്ക് റിപ്പോർട്ട് നൽകിയ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്.ഐ കെ.എ. സാബു എസ്.പിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. ഇക്കാര്യം എസ്.ഐയും അന്വേഷണസംഘത്തോട് സമ്മതിച്ചെന്നാണ് വിവരം.

രാജ്കുമാർ ശേഖരിച്ച പണം എവിടെയെന്ന് കണ്ടെത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദമുണ്ടായിരുന്നെന്ന് സസ്‌പെൻഷനിലായവരും മൊഴി നൽകി. മൊഴികളെല്ലാം ആസൂത്രണം ചെയ്‌തതു പോലെയാണെങ്കിലും സമയത്തിലും മറ്റും വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.