തൊടുപുഴ: ജീവിച്ചിരുന്ന അഭിമന്യുവിനെക്കാൾ ശക്തനാണ് വർഗീയതയ്‌ക്കെതിരെ പോരാടി രക്തസാക്ഷിയായ അഭിമന്യുവെന്ന് സമൂഹം തിരിച്ചറിയുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച വിദ്യാർത്ഥിറാലി തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. രക്തസാക്ഷി അനുസ്മരണസമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് തേജസ് കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിൻദേവ്, അഭിമന്യുവിന്റെ സഹോദരൻ പരിജിത് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ശ്രുതി പി. മോഹൻ, ആൻസി വിൻസെന്റ്, അഞ്ജന പ്രദീപ്, അഖില സാം മുന്ന, മുംതാസ് സലിം എന്നിവർക്ക് വി.പി. സാനു, കെ.എം. സച്ചിൻദേവ്, ശരത്പ്രസാദ്, വി.എ. ബിനീഷ് എന്നിവർ മൊമന്റോ സമ്മാനിച്ചു.