തൊടുപുഴ:അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ സ്ഥാപക പ്രസിഡന്റ് മുടങ്ങനാടന്‍പുള്ളി രാമന്‍കുട്ടി അനുസ്മരണവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും നാളെ രാവിലെ 10ന് മൂലമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് അസി.പ്രൊഫ.ശ്യാം ഗോപി സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി നിശ്ചയിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും ഇതു പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് പുഴുമല, ട്രഷറര്‍ എം.ഐ. ഗോപാലന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.