തൊടുപുഴ:അഖില തിരുവിതാംകൂർ മലയരയ മഹാസഭ സ്ഥാപക പ്രസിഡന്റ് മുടങ്ങനാടൻപുള്ളി രാമൻകുട്ടി അനുസ്മരണവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും നാളെ രാവിലെ 10ന് മൂലമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അമൽജ്യോതി എൻജിനിയറിംഗ് കോളജ് അസി.പ്രൊഫ.ശ്യാം ഗോപി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് നൽകിവരുന്ന സ്‌കോളർഷിപ്പിന് വരുമാന പരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും ഇതു പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് പുഴുമല, ട്രഷറർ എം.ഐ. ഗോപാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.