തൊടുപുഴ: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മികച്ച സേവനം ലഭിക്കുന്നില്ല. പ്രധാനമായും നഴ്സുമാരുടെയും ക്ലീനിംഗ് ജീവനക്കാരുടെയും കുറവാണ് നേരിടുന്നത്. അമ്പത് നഴ്സുമാർ വേണ്ടിടത്ത് മുപ്പതോളം പേർ മാത്രമാണുള്ളത്. പുതിയതായി തുടങ്ങിയ കാൻസർ കീമോതെറാപ്പി യൂണിറ്റ്,​ ഡയാലിസിസ് യൂണിറ്റ്,​ ലേബർ റൂം തുടങ്ങിയ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ക്ഷാമം രൂക്ഷം. തസ്തികയനുസരിച്ച് ഒരു ഹെഡ് നഴ്സ്,​ ഏഴ് ഹെഡ് നഴ്സ്,​ 27 സ്റ്റാഫ് എന്നിങ്ങനെയാണ് വേണ്ടത്. ഇതിൽ പലരും വിരമിക്കുന്നതും സ്ഥലംമാറി പോകുന്നതുമായ പോസ്റ്റുകളെല്ലാം നികത്താതെ കിടക്കുകയാണ്. സർക്കാർ അനുവദിച്ചിട്ടുള്ളത് 144 ആണെങ്കിലും ആശുപത്രിയിൽ ഇരുന്നൂറോളം ബെ‌ഡുകൾ പ്രവർത്തിക്കുന്നുണ്ട്. നാല് ബെഡുകൾക്ക് ഒരു നഴ്സെന്നതാണ് മാനദണ്ഡം. എന്നാൽ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ഇത് പാലിക്കപ്പെടുന്നില്ല. എട്ട് ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. ഒഫ്താൽമോളജി വിഭാഗത്തിൽ ഒരു ഡോക്ടറുടെ കുറവുണ്ട്. എൻ.എച്ച്.എമ്മും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ജില്ലാ പഞ്ചായത്തും നഴ്സുമാരടക്കമുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല. നേരത്തെ താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുള്ള സ്റ്റാഫ് പാറ്റേണിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴുമില്ല. നിർമാണം പൂർത്തിയായ പുതിയ ബ്ലോക്ക് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ജീവനക്കാരുടെ കുറവ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നപടിയുമുണ്ടായിട്ടില്ല. പനിയടക്കമുള്ള പകർച്ച വ്യാധികൾ പെരുകുന്ന സന്ദർഭത്തിൽ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെടുത്തുന്നത്.