പദ്ധതിക്ക് തടസ്സമായത്ചീഫ് എഞ്ചിനീയർ മുതൽ നിർവ്വഹണ വിഭാഗം അസി.എഞ്ചിനീയർ വരെയുള്ള ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥാനചലനം

പദ്ധതിക്ക് തുടക്കമിട്ടത് 1995 ൽ

സംഭരണശേഷി 70 ദശലക്ഷം ലിറ്റർ വെള്ളം

അടങ്കൽത്തുക 15 കോടി

ഇതുവരെ ചെലവായത് 22കോടി

തുടർ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത് 46കോടി

കട്ടപ്പന ; നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കാനുള്ള പദ്ധതി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തീകരിച്ചില്ല.കട്ടപ്പന നഗരസഭയിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ആലടി കുരിശുമല കുടിവെള്ള പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. 1995 ൽ 15 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.പെരിയാറിന് തീരത്ത് തോണിത്തടിയിൽ പമ്പ് ഹൗസും, ആലടി കുരിശുമലയുടെ മുകളിൽ വാട്ടർ ടാങ്കും നിർമ്മിച്ചു കഴിഞ്ഞപ്പോൾ ശുദ്ധീകരണ പ്ലാന്റിന് സ്ഥലമില്ലാതെ വന്നത് പ്രതിസന്ധിക്ക് ഇടവരുത്തി. ഒടുവിൽ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമുണ്ടായി. ഇക്കാര്യം വാർത്താപ്രാധാന്യം നേടിയതോടെ അന്നത്തെ എം. എൽ. എ കെ.കെ.ജയചന്ദ്രൻ ഇടപ്പെട്ടു. പ്രധാന വാട്ടർ ടാങ്കിനു സമീപം മലമുകളിൽ റവന്യൂ ഭൂമി ലഭ്യമാക്കി 70 ദശലക്ഷംലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻറ് നിർമ്മാണം മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കി. അതിനോടകം 22 കോടിയോളം രൂപ ചെലവിട്ടെങ്കിലും തുടർന്നും പദ്ധതി നിർവ്വഹണം മന്ദഗതിയിലായി.

തുടർന്ന് ഇ.എസ് ബിജിമോൾ എം.എൽ.എയുടെ ശ്രമഫലമായി 2017-18 വാർഷിക പദ്ധതിയിൽ 46 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു. പമ്പ് ഹൗസിനു സമീപം തോണിത്തടിയിൽ പെരിയാറിനു കുറുകെ തടയണ, ബൂസ്റ്റർ പമ്പ് ഹൗസുകൾ എന്നിവ നിർമ്മിക്കുക, ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുക, വൈദ്യുതി ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ ഇതിനുള്ള സാങ്കേതികാനുമതി ലഭിച്ചില്ല. അടിക്കടി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനചലനമാണ് പേപ്പർ വർക്കുകൾക്ക് തടസമായത്.

തടയണ നിർമ്മിച്ചാലും എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരം ആവശ്യമായ ജലലഭ്യതയുണ്ടാകുമോ എന്ന പരിശോധന ഒരിക്കൽ കൂടി നടത്താനുള്ള നിർദ്ദേശവും ഉണ്ടായി. ഇതു സംബന്ധിച്ച് രണ്ടാമത്തെ പഠനം തുടങ്ങിയിട്ടേയുള്ളു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകി സാങ്കേതികാനുമതി ഒരു മാസത്തിനകം കിട്ടുമെന്ന പ്രതീക്ഷയാണ് എഞ്ചിനീയറിങ് വിഭാഗം പങ്കുവയ്ക്കുന്നത്. തുടർന്നു വേണം ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ. 2020 ഏപ്രിൽ 30ന് മുൻപ് പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണ പ്ലാന്റിൽ വെള്ളമെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. എന്നാൽ പൂർണ്ണതോതിൽ ജലവിതരണം നടത്താൻ ഏതാനും വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരും.