രാജാക്കാട്: ചിന്നക്കനാലിൽ നടത്തിയ ഭൂസമരത്തിന്റെ മറവിൽ ആദിവാസിയുടെ സ്ഥലം ഭൂമി കയ്യേറി കൊടികുത്തി കുടിൽ കെട്ടിയതായി പരാതി. സമരം അവസാനിപ്പിച്ചിട്ടും കുടിൽപൊളിച്ച് നീക്കുന്നതിന് നടപടിയില്ല. ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സ്ഥലുമുടമയും പട്ടിക വർഗ്ഗ ഏകോപന സമിതിനേതാവുമായ എ.ഡിജോൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഇരുപതിനാണ് സി.പി.എം പിൻതുണയുള്ള എച്ച്.ആർ.ടി.ടി യൂണിയൻ ചിന്നക്കനാലി ൽ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി സമരം സംഘടിപ്പിച്ചത്. ഇതിന്റെ മറവിൽ തന്റെ സ്ഥലത്ത് ഒരു പ്രാദേശികനേതാവിന്റെനേതൃത്വത്തിൽ കൊടി നാട്ടുകയും കുടിൽ നിർമ്മിക്കുകയും ചെയ്തുവെന്നാണ് പരാതി. പട്ടിക വർഗ്ഗ ഏകോപന സമതി ഭാരവാഹികളായ വിത്സൺ, സാറാമ്മജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആദിവാസികൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലം ഏതെങ്കിലും പ്രവർത്തകർ കയ്യേറിയിട്ടുണ്ടെങ്കിൽ അവിടെ നിന്നും ഒഴിവാക്കുമെന്നും
ആദിവാസികൾക്ക് ഭൂമി ലഭിക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിന് ഉള്ളതെന്നും ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ.പി സുനിൽകുമാർ അറിയിച്ചു.