ഇടുക്കി : ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനെ പ്രതിരോധിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജൽശക്തി അഭിയാൻ യോഗത്തിൽ ജില്ലാകലക്ടർ എച്ച്. ദിനേശൻ ജില്ലാ പ്ലാനിംഗ് ഓഫീസറോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ലഭ്യത വിലയിരുത്തുന്നതിന് കേന്ദ്ര ജലവകുപ്പ് ജൽശക്തി അഭിയാൻ നിർദ്ദേശ പ്രകാരമായിരുന്നു യോഗം ചേർന്നത്. ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താനും ജലദൗർലഭ്യം കുറയ്ക്കാനുമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. പദ്ധതി വിശദീകരണം ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ. ഷീല നിർവ്വഹിച്ചു.

പദ്ധതിക്ക് അഞ്ച് ഘട്ടങ്ങൾ

ജലസംരക്ഷണവും മഴവെള്ള സംഭരണവും പരമ്പരാഗത ജലസ്രോതസ്, കുളം എന്നിവയുടെ നവീകരണം, കുഴൽക്കിണർ പുനരുദ്ധാരണവും പുനരുപയോഗവും, തണ്ണീർത്തട സംരക്ഷണം, തീവ്രവന ചൂഷണം എന്നീ കാര്യങ്ങളിൽ ചർച്ച നടത്തി. അതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ഏകദിന ശിൽപ്പശാല കലക്ടറേറ്റിൽ സംഘടിപ്പിക്കും. നിലവിലെ ജലസ്രോതസ്സുകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അതത് വകുപ്പുതല ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു. ജൂലായ് ഒന്നു മുതൽ സെപ്തംബർ 15 വരെ ആദ്യഘട്ട കാമ്പയിൻ നടത്തും.സ്‌കൂൾതലം മുതൽ ബോധവൽക്കരണ പരിപാടികൾ നടത്താനാണ് ലക്ഷ്യമിടുന്നത്. മൺസൂൺ മഴയെ ആശ്രയിച്ച് രണ്ടാംഘട്ട കാമ്പയിൻ ഒക്‌ടോബർ ഒന്നുമുതൽ നവംബർ 30 വരെ നടത്തും

യോഗത്തിൽ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.