പണം കൊണ്ടുപോയത് മലപ്പുറത്തുള്ളവരെന്ന്
രാജാക്കാട്: കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിനെ പൊലീസ് മർദ്ദിച്ചതായി കേസിൽ റിമാൻഡിലായിരുന്ന മഞ്ജു ജാമ്യത്തിലിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. തന്നെയും കൂട്ടുപ്രതിയായിരുന്ന ശാലിനിയെയും വനിതാ പൊലീസ് മർദ്ദിച്ചെന്നും മഞ്ജു ആരോപിച്ചു. ഗീതു എന്ന ഉദ്യോഗസ്ഥയാണ് തന്നെ മർദ്ദിച്ചത്. ശാലിനിയെ മർദ്ദിച്ചത് ആരെന്ന് അറിയില്ല. രാജ്‌കുമാറിനെ നാട്ടുകാർ മർദ്ദിച്ചില്ല. തനിക്ക് പണമിടപാടിൽ ബന്ധമില്ല. കേസിൽ രാഷ്ട്രീയ പ്രവർത്തകർ ഉള്ളതായി അറിയില്ല. രാജ്കുമാറിനെ രണ്ട് മാസക്കാലത്തെ പരിചയം മാത്രമാണ് ഉള്ളത്. 2,30,000 രൂപ ശാലിനിയുടെയും 75,000 രൂപ രാജ്കുമാറിന്റെ കൈയിലുമാണുണ്ടായിരുന്നത്. കോടികൾ കടത്തിയെന്നത് തെറ്റാണെന്നും 20 ലക്ഷം രൂപയിൽ താഴെ മാത്രമാണ് പിരിച്ചതെന്നും മഞ്ജു പറഞ്ഞു.
എല്ലാ ദിവസം ഹെഡ് ഓഫീസായ മലപ്പുറത്ത് നിന്ന് ആൾക്കാർ കുമളിയിലെത്തി പണം ശേഖരിക്കുകയാണ് പതിവെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. പണം കൈമാറുന്നതാർക്കാണെന്ന് അറിയില്ല. മലപ്പുറത്തെ നാസർ എന്ന അഭിഭാഷകനെയും രാജുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 4.63 കോടി രൂപ കുട്ടിക്കാനം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് രാജ്കുമാർ പറഞ്ഞിരുന്നത്. വണ്ടിപ്പെരിയാറിൽ ചിറ്റപ്പന്റെ വീട്ടിലാണ് ശാലിനിയും രാജ്കുമാറും താമസിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. ശാലിനിയും രാജ്കുമാറും ചേർന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വീട്ടുസാധനങ്ങൾ വാങ്ങുകയും മുപ്പതിനായിരം രൂപ നൽകി വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. നാട്ടുകാരിൽ നിന്ന് പിരിച്ച പണമാണിതെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലായതെന്നും മഞ്ജു പറഞ്ഞു.
തന്നെയും പ്രതിയാക്കാൻ ശ്രമിച്ചു ഡ്രൈവർ ബിജു
രാജ്കുമാറിനെ നാട്ടുകാർ മർദ്ദിച്ചിരുന്നില്ലെന്ന് രാജ്കുമാറിന്റെ കാറോടിച്ചിരുന്ന ഡ്രൈവർ ബിജു പറഞ്ഞു. കുട്ടിക്കാനം ബാങ്കിൽ നിന്ന് പണമില്ലെന്ന് അറിഞ്ഞ ശേഷം നാട്ടുകാരും പഞ്ചായത്തംഗങ്ങളും ചേർന്ന് കുമാറിനെയും മഞ്ജുവിനെയും ശാലിനയെയും പൊലീസിന് കൈമാറി. സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ തന്നെയും കേസിൽ പ്രതിയാക്കാനാണ് ശ്രമിച്ചത്. . കുട്ടിക്കാനത്തെ ബാങ്കിലും മൂലമറ്റത്തും ഏറ്റുമാനൂരിലെ എസ്.ബി.ഐ ബാങ്കിലും രാജ്കുമാറിനെ വാഹനത്തിൽ കൊണ്ടുപോയിട്ടുണ്ട്. ആട്ടോ ഡ്രൈവറായിരുന്ന തന്നെ രാജ്കുമാറുമായി പരിചയപ്പെടുത്തിയത് മഞ്ജുവാണ്. പിന്നീട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഓഫീസിൽ നിന്ന് പണവുമായി രാജ്കുമാറിനെ കുമളിയിൽ എത്തിക്കുകയാണ് പതിവ്. എന്നാൽ ആർക്കാണ് പണം കൈമാറിയിരുന്നതെന്ന് അറിയില്ലെന്നും ബിജു പറഞ്ഞു.