പ്രാഥമിക കൃത്യം നിർവഹിക്കാനിടമില്ലാതെ തൊടുപുഴക്കാർ
തൊടുപുഴ: നഗരസഭ ചിൽഡ്രൻസ് പാർക്കിനു സമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമാണത്തിലെ അശാസ്ത്രീയത മൂലം അടച്ചു പൂട്ടി. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ വേണ്ടത്ര സൗകര്യമില്ലെന്ന പരാതിയെ തുടർന്നാണ് നഗരമധ്യത്തിൽ ആധുനിക രീതിയിൽ നഗരസഭ കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. വനിതാ സൗഹൃദ ശൗചാലയം എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായിട്ടായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തത്. എന്നാൽ സ്ത്രീകൾ ആരും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് പുരുഷൻമാർക്കും ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഒരു വർഷത്തേയ്ക്ക് സ്വകാര്യ വ്യക്തിക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പു ചുമതല. സെപ്ടിക് ടാങ്ക് നിറഞ്ഞ് ടോയ്‌ലറ്റ് ബ്ലോക്കായതോടെ കെട്ടിടം അടച്ചു പൂട്ടി താക്കോൽ നഗരസഭയെ ഏൽപിച്ച് കരാറുകാരനും പിൻവാങ്ങി. സെപ്ടിക് ടാങ്ക് അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിദിനം 200 ഓളം ആളുകളാണ് കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ യൂറിനൽ ബ്ലോക്ക് നിർമിക്കാതെ യൂറോപ്യൻ ക്ലോസറ്റുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. യൂറോപ്യൻ ക്ലോസറ്റ് ഒരു തവണ ഉപയോഗിക്കുമ്പോൾ ശരാശരി അഞ്ചു ലിറ്റർ വെള്ളം സെപ്ടിക് ടാങ്കിൽ ഒഴുകിയെത്തുമെന്നാണ് കണക്ക്. എന്നാൽ ഇത്രയും ശേഷിയുള്ള സെപ്ടിക് ടാങ്കല്ല നിർമിച്ചിട്ടുള്ളത്. സംഭരണ ശേഷി വളരെ കുറഞ്ഞ റെഡിമെയ്ഡ് ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ അടിക്കടി സെപ്ടിക് ടാങ്ക് നിറഞ്ഞ് ടോയ്‌ലറ്റ് ബ്ലോക്കാവുന്ന അവസ്ഥയിലാണ്. നിലവാരം കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. നിർമാണം പൂർത്തിയായിട്ട് ഒരു വർഷം പോലും പൂർത്തിയാകുന്നതിന് മുമ്പ് യൂറോപ്യൻ ക്ലോസറ്റിന്റെ ഫിറ്റിങുകൾ ഭൂരിഭാഗവും തകരാറിലായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ സ്ത്രീകൾക്ക് വിശ്രമിക്കുന്നതിനും വസ്ത്രം മാറ്റുന്നതിനുമുള്ള സൗകര്യം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും യാതൊന്നുമില്ലെന്ന് പരാതിയുണ്ട്. ലോക ബാങ്കിന്റെ 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. ഇതിനിടെ വെള്ളപൊക്കത്തെ തുടർന്ന് അപകടാവസ്ഥയിലായ ടൗൺ ഹാളിനു സമീപത്തെ കംഫർട്ട് സ്റ്റേഷൻ നഗരസഭ അടച്ചു പൂട്ടിയിരുന്നു. ഇതോട മത്സ്യ പച്ചറി മാർക്കറ്റിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഉള്ളവർ പാർക്കിനു സമീപത്തെ കംഫർട്ട് സ്റ്റേഷനെയായിരുന്നു ആശ്രയിച്ചിരുന്നു. ഇതും അടച്ചു പൂട്ടിയതോടെ നഗരത്തിലെത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വലയുകയാണ്.
'' അടിയന്തരമായി സെപ്ടിക് ടാങ്കിന്റെ തകരാർ പരിഹരിക്കാനും യൂറിനൽ ക്ലോസറ്റ് നിർമിക്കാനും എ.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും"
- ജെസി ആന്റണി (ചെയർപേഴ്‌സൺ)