രാജാക്കാട് : കസ്റ്റഡിമരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നെടുംകണ്ടം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്തിനും തള്ളിനുമിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. കുമളി മുന്നാർ സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി. സ്റ്റേഷനുമുന്നിൽ ബാരിക്കേഡുകൾ തീർത്ത് സമരക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇതോടെ ഗതാഗതം പൂർണ്ണമായി നിലച്ചു. നേതാക്കൾ പ്രസംഗിക്കുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡുകളും വേലിയും തകർത്ത് സ്റ്റേഷൻ വളപ്പിൽ കടക്കാൻ ശ്രമിച്ചു. ഇതിനിടെ പൊലീസിനു നേർക്ക് ചീമുട്ടയേറും ഉണ്ടായി. പൊലീസ് ഇവരെ തടയുന്നതിനിടെയാണ് ഒരാൾക്ക് പരിക്കേറ്റത്. തുടർന്ന് ഇതിൽ പ്രതിഷേധിച്ച് ടൗണിൽ പ്രകടനവും നടത്തി. ഉപരോധ സമരം കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജി പുള്ളോലിൽ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ശ്രീമന്ദിരം ശശികുമാർ, കെ.ടി മൈക്കിൾ, സേനാപതി വേണു. എം.എൻ ഗോപി, ആർ. ബാലൻപിള്ള, ബിജോ മാണി തുടങ്ങിയവർ പ്രസംഗിച്ചു.