remand-report

ഇടുക്കി: പൊലീസ് മർദ്ദനത്തിൽ രാജ്കുമാറിന് കാൽവെള്ളയിലും തുടയിലുമുണ്ടായ ആഴത്തിലുള്ള ചതവാണ് മരണകാരണമായ ന്യുമോണിയ പിടിപെടാൻ ഇടയാക്കിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. രാജ്കുമാർ മരിച്ചത് കടുത്ത ന്യുമോണിയ ബാധിച്ചാണ്. ഇതിന് വഴിവച്ചത് ക്രൂരമായ മർദ്ദന മുറകളാണെന്നും എസ്‌.ഐ കെ.എ. സാബുവിന്റെയും സീനിയർ സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണിയുടെയും റിമാൻഡ് റിപ്പോർട്ടിലുണ്ട്. തട്ടിപ്പ് നടത്തിയ തുക കണ്ടെത്താനാണ് രാജ്കുമാറിനെ പ്രതികളായ പൊലീസുകാർ മർദ്ദിച്ചത്. 13ന് രാത്രി വണ്ടിപ്പെരിയാർ അഞ്ചാം മൈലിലും സജീവ് ആന്റണിയുടെ നേതൃത്വത്തിൽ പൊലീസ് രാജ്കുമാറിനെ മർദ്ദിച്ചു. എസ്‌.ഐ കെ.എ. സാബു ഇത് തടയുന്നതിന് പകരം അവർക്കൊപ്പം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന് ദൃക്‌സാക്ഷികളുണ്ട്.

നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ ആവാത്തവിധം അവശനായപ്പോഴാണ് 15ന് രാത്രി ഒമ്പതരയ്ക്ക് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. അന്ന് രാത്രി 12ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16ന് രാത്രി 9.30ഓടെ ഡിസ്ചാർജ് ചെയ്തു. ഇടുക്കി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി 21 വരെ പീരുമേട് സബ്‌ജയിലിലേക്ക് റിമാൻഡ് ചെയ്തു. തീർത്തും അവശനായ രാജ്കുമാറിനെ 18, ​19,​ 20 തീയതികളിൽ വൈദ്യപരിശോധന നടത്തി മരുന്നുകൾ നൽകി. എന്നാൽ കാൽതുടയിലും കാൽവെള്ളയിലും ആഴത്തിലുള്ള ചതവ് ന്യുമോണിയയ്ക്ക് കാരണമായി. പ്രതികൾ മനഃപൂർവം കുറ്റകൃത്യം ചെയ്തെന്ന് ബോദ്ധ്യപ്പെട്ടെന്നും മരണകാരണം സ്റ്റേഷനിലെ ക്രൂരമർദ്ദനമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പീരുമേട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ മുമ്പാകെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.

ഐ.പി.സി 302,​ 343,​ 323,​ 324,​ 330, ​331,​ 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ എസ്.ഐ കെ.എ. സാബു ഒന്നാംപ്രതിയും എസ്.സി.പി.ഒ സജീവ് ആന്റണി നാലാംപ്രതിയുമാണ്. ഇരുവരെയും പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കെ.എ. സാബുവിനെ ദേവികുളം സബ്‌ജയിലിലേക്കും സജീവിനെ പീരുമേട് സബ്‌ജയിലിലേക്കുമാണ് റിമാൻഡ് ചെയ്തത്. എസ്.ഐയായിരിക്കുമ്പോൾ സാബു പിടികൂടിയ പ്രതികൾ പീരുമേട് ജയിലിലുള്ളതുകൊണ്ടാണ് ദേവികുളം ജയിലിലേക്ക് മാറ്റിയത്. നിലവിൽ നാല് പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ടും മൂന്നും പ്രതികളായ പൊലീസ് ഡ്രൈവർ നിയാസിനെയും സി.പി.ഒ റെജിമോനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. നിയാസിനെ കാണാനില്ലെന്നും വിവരമുണ്ട്.

പൊലീസുകാരുടെ പ്രധാന കുറ്റങ്ങൾ

 12ന് വൈകിട്ട് അഞ്ച് മുതൽ 15ന് രാത്രി 12 വരെ പ്രതിയെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചു

 കുറ്റസമ്മതമൊഴി കിട്ടാൻ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേഹോപദ്രവം ഏല്പിച്ചു
 ഇരുകാലുകളും ബലം പ്രയോഗിച്ച് പിറകിലേക്ക് വിടർത്തി പരിക്കേല്പിച്ചു
 കാൽവെള്ളയിൽ ബലമുള്ള ദണ്ഡുപയോഗിച്ച് ശക്തമായി പ്രഹരിച്ചു
 പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കി രാജ്കുമാറിനെ കാലുകൾ അനങ്ങാതാക്കി