തൊടുപുഴ: നഗരത്തിൽ ആരംഭിച്ച 'വിശപ്പ് രഹിത നഗരം പദ്ധതി' മൂന്ന് മാസം പിന്നിടുമ്പോൾ പിന്നിൽ പ്രവർത്തിച്ചവർക്ക് തീർച്ചയായും അഭിമാനിക്കാം. വിവിധ ആവശ്യങ്ങൾക്കായി തൊടുപുഴ നഗരത്തിലെത്തുന്നവരിൽ ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. തൊടുപുഴ റോട്ടറി ക്ലബ്ബിലെ എൺപതോളം അംഗങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി വൻ വിജയമായതോടെ മറ്റ് സ്ഥലങ്ങളിലെ റോട്ടറി ക്ളബ്ബുകളുമായി സഹകരിച്ച് ജില്ലയിലാകമാനം വ്യാപിപ്പിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം കട്ടപ്പനയിൽ 7ന് ജില്ലാ കോർഡിനേറ്ററായ കളക്ടർ നിർവ്വഹിക്കും. തേക്കടിയിലും അടിമാലിയിലും മറ്റ് സ്ഥലങ്ങളിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റോട്ടറി ക്ളബ്ബ് ഭാരവാഹികൾ കളക്ടറുമായി ചർച്ച നടത്തിവരികയാണ്. അന്നപൂർണ്ണം എന്ന പേരിലാണ് തൊടുപുഴയിൽ പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നത്.
വിശപ്പിനെ തോപ്പിച്ചത്
ഇങ്ങനെ...
തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊലീസ് വകുപ്പുമായി സഹകരിച്ച് ഏപ്രിൽ രണ്ടിനാണ് വിശപ്പ് രഹിത നഗരം പദ്ധതി ആരംഭിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ പ്രതിഭ,കോതായിക്കുന്ന് ബസ്റ്റാൻഡിലെ മൈമൂൺ, മങ്ങാട്ട് കവലയിലുള്ള മുഗൾ എന്നീ ഹോട്ടലുകളുടെ സഹകരണത്തോടെയാണ് തുടക്കമിട്ടത്.
തൊടുപുഴ പൊലീസ് സ്റ്റേഷൻ, മങ്ങാട്ട് കവല-കോതായിക്കുന്ന് ബസ്റ്റാന്റുകളിലെ പൊലീസ് ഔട്ട് പോസ്റ്റ് ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ, പദ്ധതിയിൽ അംഗങ്ങളായ ഹോട്ടലുകളിൽ നൽകിയാൽ ഉച്ചക്ക് സൗജന്യമായി ഊണ് ലഭിക്കും. ഉച്ചക്ക് 12 മുതൽ 2 വരെയാണ് ഇത്തരത്തിൽ ഭക്ഷണം ലഭിക്കുന്നത്. ഇതിന് ആവശ്യമായ മുഴുവൻ തുകയും തൊടുപുഴ റോട്ടറി ക്ലബ് ഹോട്ടലുകൾക്ക് നൽകും. സംസ്ഥാന സർക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയായ സുഭിക്ഷയിൽ നിന്ന് പത്ത് രൂപ സബ്സിഡിയായി റോട്ടറി ക്ലബിന് തിരികെ ലഭിക്കുകയും ചെയ്യും. സബ്സിഡി തുക ക്ലബിന് തിരികെ ലഭ്യമാക്കുന്നതിന്റെ ചുമതല ജില്ലാ ഫുഡ് ഓഫീസർക്കാണ്.
പദ്ധതി ആരംഭിച്ചത് നേന്പുകാലത്തായതിനാൽ ഇതിനോട് സഹകരിച്ച രണ്ട് ഹോട്ടലുകൾ ഒരു മാസക്കാലം അടച്ചിടേണ്ടതായി വന്നു. എന്നാൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഹൈറേഞ്ച് ഹോട്ടൽ ഉടമകൾ സഹകരിച്ചതിനാൽ പദ്ധതിക്ക് തടസ്സം ഉണ്ടായില്ല. മാത്രമല്ല, ഒരു മാസക്കാലത്തേയ്ക്ക് മങ്ങാട്ട് കവലയിലുള്ള പാരീസ് ഹോട്ടലും മുന്നോട്ട് വന്നു. ഇവർക്കുള്ള ഫണ്ട് മുഗൾ ഹോട്ടൽ ഉടമ മുൻകൂറായി നൽകാനും തയ്യാറായി. പദ്ധതി പ്രകാരം ഒരു ദിവസം ഇരുപതിൽപ്പരം ആളുകൾ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തുന്നുണ്ട്.