custody-death

ഇടുക്കി: രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽവച്ച് മർദ്ദിച്ചത് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ എസ്‌.ഐ കെ.എ. സാബു ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയതായി അറിയുന്നു. രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെയെന്ന് കണ്ടെത്താൻ എസ്.പി നിർദ്ദേശിച്ചതായാണ് വിവരം. ഇക്കാര്യം ഡി.ഐ.ജിയെ അറിയിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞിരുന്നുവത്രേ. കട്ടപ്പന ഡിവൈ.എസ്.പിയെയും ഈ വിവരം അറിയിച്ചെന്ന് കെ.എ. സാബു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളായ പൊലീസുകാരാണ് സ്റ്റേഷനു മുകളിലെ വിശ്രമമുറിയിൽ രാജ്കുമാറിനെ മാറി മാറി മർദ്ദിച്ചതെന്ന് അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി മൊഴി നൽകി.

എസ്.പിക്കെതിരെ നപടി വന്നേക്കും
മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നൽകുന്ന റിപ്പോർട്ടിന്മേൽ എസ്.പിക്കെതിരെ നപടിയുണ്ടായേക്കും. ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിൽ നിന്ന് മാറ്റിനിറുത്തും. ഉടൻ വേറെ ചുമതല നൽകില്ല. ഇടുക്കിയിലേക്ക് നേരത്തേ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും കെ.പി രണ്ടാം ബറ്റാലിയൻ കമൻഡാന്റുമായ ദേബേഷ് കുമാർ ബെഹ്‌‌റയെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം പാർട്ടിയുടെ വിശ്വസ്തനായ എസ്.പിക്കെതിരെ നടപടിയെടുക്കുന്നതിനോട് സി.പി.എം ജില്ലാ നേതൃത്വത്തിന് വിയോജിപ്പുണ്ട്. സ്ഥലംമാറിപ്പോയ കട്ടപ്പന ഡിവൈ.എസ്.പിക്കെതിരെയും നടപടിയുണ്ടായേക്കും.

മുറിവിൽ ചൂടെണ്ണ പുരട്ടി ഉഴിച്ചിൽ

നെടുങ്കണ്ടം സ്റ്റേഷനിലെ ക്രൂരമർദ്ദനത്തിനുശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും മുമ്പ് രാജ്കുമാറിന്‌ ഉഴിച്ചിൽ ചികിത്സ നടത്തി. ശരീരത്തിലെ മുറിവുകളിലും ചതവുകളിലുമെല്ലാം ചൂടെണ്ണ തേച്ചു. മുറിവുകളും ചതവുകളും പുറത്തറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. പൊലീസ് കാന്റീനിലാണ് എണ്ണ ചൂടാക്കിയത്. സി.പി.ഒ നിയാസ് എത്തിച്ച ഉഴിച്ചിലുകാരന് രണ്ടായിരം രൂപ പ്രതിഫലമായി നൽകി. രാജ്കുമാറിൽനിന്ന് പിടിച്ചെടുത്ത പണത്തിൽ നിന്നാണ് ഈ പ്രതിഫലം നൽകിയത്.