തൊടുപുഴ : വിദേശത്തു നിന്നും നികുതിയില്ലാതെ റബ്ബർ ഇറക്കുമതി നടത്താൻ അനുവാദം നൽകണമെന്ന ടയർ വ്യവസായികളുടെ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ധനമന്ത്രി നിർമ്മല സീതാരാമനും, വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും കത്തു നൽകി. കേന്ദ്ര ബഡ്ജറ്റുമായി ബന്ധപ്പെട്ട് ടയർ വ്യവസായികൾ രാജ്യത്ത് സ്വഭാവിക റബ്ബർ ലഭ്യമല്ലെന്ന് പ്രചരണം നടത്തി നികുതിയില്ലാതെ റബ്ബർ ഇറക്കുമതി നൽകാൻ അനുവാദം ചോദിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. ആഭ്യന്തര വില 150 രൂപ മാത്രമാണുള്ളത്.10 ലക്ഷം ടണ്ണിനു മുകളിൽ റബ്ബർ ഉത്പ്പാദിക്കാനുള്ള എല്ലാ അനുകൂലമായ സാഹചര്യം രാജ്യത്ത് ഇന്നുണ്ട്. 175 മുതൽ 200 വരെ ആഭ്യന്തര വില ഉറപ്പാക്കിയാൽ ഉത്പാദനം പൂർണ്ണ തോതിലെത്തുമെന്നുറപ്പാണ്.ഈ വസ്തുത മറച്ചു വച്ച് ആവശ്യാനുസരണം റബർ ലഭ്യമല്ലെന്ന് കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് നികുതി കൂടാതെ ഇറക്കുമതി നടത്താനുള്ള ശ്രമം, റബറിന്റെ വില കുത്തനെ കുറയ്ക്കാനും റബർ കൃഷി അന്ന്യം നിന്നുപോകാനും ഇടവരുത്തുമെന്നും 10 ലക്ഷത്തിലധികം വരുന്ന ചെറുകിട കർഷകരെയും, 8000 ത്തോളം വരുന്ന വ്യാപാരികളെയും,അവരുടെ കുടുംബത്തേയും ബാധിക്കുന്ന തീരുമാനം ഉണ്ടാകരുതെന്ന് എം. പിമാർ മന്ത്രിമാരോട് ആവശ്യപ്പെട്ടു.