ജില്ലയിൽ കെട്ടിക്കിടക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകൾ ജൂലായ് പത്തിനകം തീർപ്പാക്കും

ഇടുക്കി : കണ്ണൂർ ജില്ലയിലെ ആന്തൂരിൽ കെട്ടിട നിർമ്മാണത്തിന് മുൻസിപ്പാലിറ്റി അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് പ്രവാസി ആത്മഹത്യചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പൽ പ്രദേശങ്ങളിലും ഇത്തരത്തിൽ തീർപ്പാക്കാതെ കിടക്കുന്ന കേസുകളിൽ ഉടൻ പരിഹാരം കാണാൻ സർക്കാർ നിർദേശം. വിവിധ ജില്ലകളിൽഇത്തരത്തിൽ നിരവധിയായ പരാതികൾ ഉണ്ടായതോടെ കളക്ടർമാരോട് മുൻസിപ്പൽ, പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിര യോഗം വിളിക്കാൻ നിർദേശിച്ചിരുന്നു. ഇടുക്കിയിൽ ഇതുസംബന്ധിച്ച് ഇന്നലെ യോഗം നടന്നു.മറ്റ് ജില്ലകളെ അപേക്ഷിച്ച് പരാതികൾ കുറവാണ് എന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.ചില പഞ്ചായത്തുകൾ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നവരോട് ചട്ടങ്ങളും നിയമങ്ങളും പറഞ്ഞ് പെർമിറ്റ് നൽകൽ തെച്ച് താമസിപ്പിക്കുന്നതും അപേക്ഷകളിൽ നടപടി എടുക്കാതിരിക്കുകയും ചിലർ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന യാഥാർത്ഥ്യവും യോഗം ഉൾക്കൊണ്ടു.

തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടനിർമ്മാണ മേഖലയിലെ തീർപ്പാക്കാത്ത കേസുകൾ ജൂലായ് 10 നകം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർദേശിച്ചു. കെട്ടിടനിർമ്മാണ അനുമതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കളക്ടറേറ്റിൽ പഞ്ചായത്ത് ,മുൻസിപ്പൽസെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിട നമ്പർ നൽകൽ, പെർമിറ്റ് നൽകൽ, ഇതര പ്രശ്നങ്ങൾ തുടങ്ങിയവ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കുര്യാക്കോസ് യോഗത്തിൽ വിശദീകരിച്ചു. ജില്ലയിൽ 52 പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് 491 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയിൽ പൊതുവെ തീർപ്പാക്കാത്ത പ്രശ്നങ്ങൾ കുറവാണ്.
പദ്ധതി നടത്തിപ്പിൽ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മോശം പ്രകടനം കാഴ്ചവെച്ച മൂന്നാർ, ബൈസൺവാലി, വണ്ടിപ്പെരിയാർ, സേനാപതി, ഏലപ്പാറ എന്നീ അഞ്ചു പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പ് അവലോകനം നടത്തി. നടപ്പിലാക്കിയവയുടെ പുരോഗതിയും വിലയിരുത്തി. യോഗത്തിൽ പ്ലാനിംഗ് ഓഫീസർ കെ. കെ. ഷീല, ജില്ലാ ടൗൺ പ്ലാനർ ജിമ്മിച്ചൻ മാത്യു, അസിസ്റ്റന്റ് ടൗൺ പ്ലാനർ കെന്നഡി, പഞ്ചായത്ത്മുനിസിപ്പാലിറ്റി സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.