elephant
മൂന്നാർ- മറയൂർ റോഡിലെ ഇന്നലെ വൈകുന്നേരം നാലുമണിയോടെ കണ്ട കാട്ടുകൊമ്പൻ

മറയൂർ: മറയൂർ - മൂന്നാർ പാതയിൽ സ്ഥിരം കാഴ്ച്ചയായി ഒറ്റയാൻ. തലയാർ മുതൽ പെരിയവരൈ വരയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുകൊമ്പൻ സ്ഥിരം കാഴ്ച്ചയാണ് . തേയില തോട്ടങ്ങൾക്കുള്ളിലുള്ള നീരുറവകളിൽ നിന്നും വെള്ളംകുടിച്ചും പുല്ല് തിന്നും ചുറ്റിതിരിയുന്ന കാട്ടുകൊമ്പനെ കാണാൻ നിരവധി സഞ്ചാരികളാണ് തടിച്ചുകൂടുന്നത്. സമീപത്ത് ചെല്ലുന്ന കന്നുകാലികളെആക്രമിക്കാനോ ഉപദ്രവിക്കാനോ ഒറ്റയാൻ മുതിർന്നിട്ടില്ലെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.
ശബരി- പഴനി തീർത്ഥാടന പാതയുടെ ഭാഗമായ മറയൂർ- മൂന്നാർ റോഡ് സമീപ വർഷങ്ങളായി കാട്ടാനകളുടെ താവളമായിരിക്കുകയാണ്. ചില കൊമ്പൻ ആക്രമണകാരികൾ ആയതിനാൽ തോട്ടങ്ങളിൽ ഭീതിയോടെയാണ് മിക്കപ്പോഴും തൊഴിലാളികൾക്ക് ജോലിചെയ്യേണ്ടി വരുന്നത്. ലയങ്ങൾക്ക് സമീപം കൃഷിചെയ്യുന്ന പച്ചക്കറികളും വാഴയും ഉൾപ്പെടെയുള്ള കാർഷിക വിളകൾ കാട്ടാനകൾ ഇല്ലാതാക്കിയിരിക്കൂകയാണ്.
തോട്ടങ്ങളുടെ ആരംഭകാലത്ത് പോലും ഇല്ലാത്ത തരത്തിലുള്ള കാട്ടാന ശല്യമാണ് ഇപ്പോൾ നേരിടുന്നതെന്നാണ് മുതിർന്ന തോട്ടം തൊഴിലാളികൾ പറയുന്നത്