തൊടുപുഴ: കെ.എസ്.യുവിന്റെ പഠിപ്പ് മുടക്ക് സമരത്തിന്റെ ഭാഗമായി ക്ലാസ് വിടാതിരുന്ന ന്യൂമാൻ കോളേജിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു കെ.എസ്.യുവിന്റെ പഠിപ്പുമുടക്ക് സമരം. തൊടുപുഴ മേഖലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടപ്പിച്ചതിനു ശേഷം കെ.എസ്.യു പ്രവർത്തകർ പ്രകടനമായി ന്യൂമാൻ കോളജിലെത്തുകയായിരുന്നു. ക്ലാസ് നിറുത്തണമെന്ന് കെ.എസ്.യു പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതർ നിരാകരിച്ചു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ കാമ്പസിൽ ഉപരോധം നടത്തിയത് സംഘർഷമുണ്ടാക്കി. കോളേജ് ഓഫീസ് മന്ദിരത്തിന്റെ കവാടം ഉപരോധിച്ച പ്രവർത്തകർ ഓഫീസിനുള്ളിലേയ്ക്ക് തള്ളി കയറാൻ ശ്രമിച്ചു. പ്രവർത്തകരുടെ ബല പ്രയോഗത്തിനിടെ ഓഫീസ് കവാടത്തിന്റെ ഗ്രിൽ തകർന്നു. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. മാനേജ്‌മെന്റ് അധികൃതരുമായും കെ.എസ്.യു നേതാക്കളുമായി ചർച്ച നടത്തി. ക്ലാസ് വിടില്ലെന്ന് മാനേജ്മെന്റും വിടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ പ്രവർത്തകരും ഉറച്ചു നിന്നു. ഇതിനിടെ കോളജ് കെട്ടിടത്തിനുള്ളിലേക്കുള്ള കവാടം അധികൃതർ താഴിട്ടു പൂട്ടി. ഉച്ചയ്ക്കത്തെ ഇടവേളയ്ക്ക് പുറത്തിറങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉള്ളിൽ കയറ്റാനായി ഗ്രില്ലിന്റെ താഴ് തുറന്നപ്പോൾ കെ.എസ്.യു പ്രവർത്തകർ സുരക്ഷാ ജീവനക്കാരന്റെ കൈയിൽ നിന്ന് താഴ് ബലം പ്രയോഗിച്ച് വാങ്ങിയത് സംഘർഷത്തിനിടെയാക്കിയെങ്കിലും പൊലീസെത്തി രംഗം നിയന്ത്രിച്ചു. ഒടുവിൽ സ്റ്റാഫ് മീറ്റിംഗിനെന്ന പേരിൽ കോളേജ് വിട്ടതോടെ സമരം നിറുത്തി കെ.എസ്.യു പ്രവർത്തകർ പിൻവാങ്ങുകയായിരുന്നു. കോളേജ് അധികൃതർ പരാതി നൽകിയാൽ സമരം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സി.ഐ സജീവ് ചെറിയാൻ പറഞ്ഞു.


കെ.എസ്.യു പഠിപ്പ് മുടക്ക് ജില്ലയിൽ പൂർണം

തൊടുപുഴ: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണം. കോളജുകളും സ്‌കൂളുകളുമടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമരം നടന്നതായി നേതാക്കൾ വ്യക്തമാക്കി. തൊടുപുഴ മേഖലയിൽ പഠിപ്പ്മുടക്കിന് ശേഷം പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രകടനത്തിനും യോഗത്തിനും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.