തൊടുപുഴ: നഗരസഭാ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ പൊലീസ് പ്രതിരോധം ഭേദിച്ച് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകർ കൗൺസിൽ ഹാളിൽ കയറി യു.ഡി.എഫ് കൗൺസിലർമാരെ കൈയേറ്റം ചെയ്യാൻ ശ്രമം. പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളിനുമിടയിൽ നഗരസഭ പ്രവേശന കവാടത്തിന്റെ ഗ്രില്ലു തകർത്തു. തൊടുപുഴ സി.ഐയും വനിതാ സി.പി.ഒയുമുൾപ്പെടെയുള്ള പൊലീസുകാർക്ക് മർദ്ദനമേറ്റു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ നഗരസഭാ കൗൺസിൽ നടക്കുന്നതിനിടെയായിരുന്നു സംഘർഷം. നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. നഗരസഭയുടെ മുന്നിൽ പൊലീസ് പ്രതിരോധം തീർത്തിരുന്നെങ്കിലും സംഘടിച്ചെത്തിയ അഞ്ചോളം പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റി നഗരസഭയ്ക്കുള്ളിൽ കടന്നു. ഇതു തടയാൻ ശ്രമിച്ച തൊടുപുഴ സി.ഐയെയും പൊലീസുകാരെയും കൈയേറ്റം ചെയ്തു. ഇതിനിടെ പ്രവേശന കവാടത്തിന്റെ ഗ്രില്ല് തകർന്നു. അകത്തു കടന്ന അഞ്ച് പ്രവർത്തകർ കൗൺസിൽ യോഗം നടക്കുന്ന ഹാളിലേയ്ക്ക് കടക്കാൻ ശ്രമിച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥ തടഞ്ഞെങ്കിലും ഇവരെ തള്ളിമാറ്റി ലാത്തി പിടിച്ചു വാങ്ങി കൗൺസിൽ യോഗത്തിലേയ്ക്ക് ഇരച്ചു കയറി. തുടർന്ന് ഹാളിൽ നിന്ന് പത്ത് മിനിട്ടോളം മുദ്രാവാക്യം വിളിച്ചു. അൽപനേരം കൗൺസിൽ നടപടികൾ തടസപ്പെട്ടെങ്കിലും വീണ്ടും അജണ്ട വായിച്ച് നടപടികൾ ആരംഭിച്ചത് പ്രവർത്തകരെ പ്രകോപിച്ചു. മുദ്രാവാക്യം വിളിച്ച് ചെയർപേഴ്‌സന്റെ ഡയസിന് മുന്നിലെത്തിയ പ്രവർത്തകർ മൈക്ക് പിടിച്ചെടുക്കുകയും കേബിളുകൾ വലിച്ചെറിയുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് യു.ഡി.എഫ് കൗൺസിലറായ എ.എം ഹാരീദും മറ്റുള്ളവരും പ്രതിഷേധക്കാർക്ക് അരികിലെത്തി. ഇതോടെ യു.ഡി.എഫ് കൗൺസിലർമാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. ഇതോടെ നടപടികൾ നിറുത്തിവെച്ച് നഗരസഭ ചെയർപേഴ്‌സനും യു.ഡി.എഫ് കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിനിടെ എൽ.ഡി.എഫ് കൗൺസിലർമാരും യു.ഡി.എഫ് കൗൺസിലർമാരും തമ്മിൽ സംഭവത്തിൽ വാക്കേറ്റമുണ്ടാക്കി. ഇതിനിടെ സി.പി.എം നേതാവ് ടി.ആർ സോമൻ ഇവിടെത്തി പ്രവർത്തകരെ തിരികെ കൊണ്ടു പോവുകയായിരുന്നു. നഗരസഭ ചരിത്രത്തിലാദ്യമായി പുറത്തു നിന്നുള്ളവർ കൗൺസിൽ ഹാളിൽ അതിക്രമിച്ച് കയറിയതിൽ പ്രതിഷേധിച്ച് കൗൺസിൽ ബഹിഷ്‌കരിച്ചു.
യു.ഡി.എഫ്- ബി.ജെ.പി കൗൺസിലർമാർ സ്റ്റേഷൻ ഉപരോധിച്ചു
പൊലീസിന്റെ ഒത്താശയോടെയാണ് പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തിയതെന്നും കുറക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ചെയർപേഴ്‌സന്റെയും വൈസ് ചെയർമാന്റെയും നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കുത്തിയിരുന്ന് ഉപേരാധിച്ചു. രണ്ടര മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ 24 മണിക്കൂറിനകം നഗരസഭ കൗൺസിലിൽ അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാമെന്ന് ഡി.വൈ.എസ്.പി നൽകിയ ഉറപ്പിനെ തുടർന്നാണ് കൗൺസിലർമാർ ഉപരോധം അവസാനിപ്പിച്ചത്. കൗൺസിലർമാർക്ക് പിന്തുണ അറിയിച്ച് ബി.ജെ.പി കൗൺസിലർമാരും സ്റ്റേഷനിലെത്തിയിരുന്നു.
അഞ്ച് പേർക്കെതിരെ കേസ്
നഗരസഭാ ചെയർപേഴ്‌സന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൗൺസിലിൽ അതിക്രമിച്ച് കയറുകയും നടപടികൾക്ക് തടസം സൃഷ്ടിക്കുകയും നാശ നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഞ്ചുപേർക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു.
''നഗരസഭ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത സംഭവമാണ് നടന്നത്. നഗരസഭ കൗൺസിൽ നടക്കുന്ന ഹാളിൽ കയറി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അപലപനീയമാണ്."
-ജെസി ആന്റണി (നഗരസഭ ചെയർപേഴ്‌സൺ)