തൊടുപുഴ: ലക്ഷങ്ങൾ മുടക്കി തൊടുപുഴ ചിൽഡ്രൻസ് പാർക്കിനു സമീപം നിർമിച്ച നിർമിച്ച ആധുനിക കംഫർട്ട് സ്റ്റേഷന്റെ നിർമാണത്തിലെ അപാകത പരിഹരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. നഗരസഭാ എൻജിനിയറിങ് വിഭാഗത്തിന്റെ പിടിപ്പുകേടുമൂലം കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്തത്. കൗൺസിലർമാർ ഒന്നടങ്കം ടോയ്‌ലെറ്റ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായ രീതിയിലുള്ള നിർമാണത്തെ തുടർന്ന് സെപ്ടിക് ടാങ്ക് നിറഞ്ഞ് ടോയ്‌ലറ്റ് ബ്ലോക്കായ അവസ്ഥയിലായിരുന്നു. ആഴത്തിൽ കുഴിയെടുത്ത് സെപ്ടിക് ടാങ്ക് നിർമിക്കുന്നതിന് പകരം സംഭരണ ശേഷി വളരെ കുറഞ്ഞ റെഡിമെയ്ഡ് ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്. അടിയന്തരമായി നിലവിലെ സെപ്ടിക് ടാങ്ക് മാറ്റി കൂടുതൽ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിക്കാൻ എൻജിനിയറിംഗ് വിഭാഗത്തോട് കൗൺസിൽ യോഗം നിർദേശിച്ചു. അടുത്തിടെ ടൗൺഹാളിനു സമീപത്തെ കംഫർട്ട് സ്റ്റേഷൻ ശോച്യാവസ്ഥയിലായതിനെ തുടർന്ന് നഗരസഭ അടച്ചു പൂട്ടിയിരുന്നു. ഇതോടെ പ്രതിദിനം ഇരുന്നൂറിധികം പേർ മുനിസിപ്പൽ പാർക്കിനു സമീപത്തെ കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ യൂറിനൽ ബ്ലോക്ക് നിർമിക്കാതെ യൂറോപ്യൻ ക്ലോസറ്റുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ യൂറിനൽ ക്ലോസറ്റുകൾ കൂടി സ്ഥാപിക്കാൻ കൗൺസിൽ നിർദേശം നൽകി. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ വേണ്ടത്ര സൗകര്യമില്ലെന്ന പരാതിയെ തുടർന്നാണ് നഗരമധ്യത്തിൽ ആധുനിക രീതിയിൽ നഗരസഭ കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. സെപ്ടിക് ടാങ്ക് നിറഞ്ഞ് ടോയ്‌ലറ്റ് ബ്ലോക്കായതോടെ കെട്ടിടം അടച്ചു പൂട്ടി താക്കോൽ നഗരസഭയെ ഏൽപിച്ച് കരാറുകാരനും പിൻവാങ്ങി. ഇതോടെ നഗരത്തിലെത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വലയുകയാണ്.