rajkumar-custody-death
rajkumar custody death

ഇടുക്കി: രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം സൂചന നൽകി.

നെടുങ്കണ്ടം സ്റ്റേഷനിലെ സി.പി.ഒ റെജിമോൻ,​ ഡ്രൈവർ നിയാസ് എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഈ രണ്ട് പ്രതികളാണ് രാജ്കുമാറിനെ കൂടുതൽ മർദ്ദിച്ചതെന്ന് റിമാൻഡിലായ സി.പി.ഒ സജീവ് ആന്റണി മൊഴി നൽകിയിരുന്നു. അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം. ഇവർ ഒളിവിലാണെന്നും വിവരമുണ്ട്. റിമാൻഡിലുള്ള എസ്‌.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങി. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിലെ മൂന്നാം പ്രതിയായ മഞ്ജുവും ഭർത്താവ് അജിയും പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.

ശാലിനിയെ

കാണാനില്ല

വായ്പ തട്ടിപ്പുകേസിൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ കൂട്ടുപ്രതിയും ഹരിതാ ഫിനാൻസ് എം.ഡിയുമായ ശാലിനിയെക്കുറിച്ച് ഒരു വിവരവും പൊലീസിന് പോലുമറിയില്ല. രാജ്കുമാറിനൊപ്പം ജൂൺ 12ന് പൊലീസ് പിടികൂടിയ ശാലിനി കോട്ടയം വനിതാ ജയിലിൽ റിമാൻഡിലായിരുന്നു. ജൂലായ് ഒന്നിന് രാവിലെ മോചിതയായ ശാലിനി ഏലപ്പാറയിലെ വീട്ടിലോ നെടുങ്കണ്ടത്തെ വാടക വീട്ടിലോ ചെങ്ങന്നൂരിലെ ഭർതൃഗൃഹത്തിലോ എത്തിയിട്ടില്ല. ശാലിനിയും ഹരിതാ ഫിനാൻസ് മാനേജരായിരുന്ന മഞ്ജുവും ഒരുമിച്ചാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. വീട്ടിൽ മടങ്ങിയെത്തിയ മഞ്ജു സ്വയം സഹായ സംഘങ്ങളിൽ നിന്ന് രാജ്കുമാർ ശേഖരിച്ച പണം കൈമാറിയത് ആർക്കെന്ന് ശാലിനിക്കറിയാമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ശാലിനിയെ കാണാതായത്. ഏലപ്പാറയിലെ കുടുംബവീട്ടിലേക്ക് വരുന്ന വഴി മുണ്ടക്കയം കഴിഞ്ഞ ശേഷമാണ് ഇവരെ കാണാതാകുന്നതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവുമായി അകന്നു നിൽക്കുന്നതിനാൽ രണ്ട് കുട്ടികൾ കുടുംബ വീട്ടിലാണ്. ഇവരെ കാണാനെത്തുകയോ ഫോണിൽ ബന്ധപ്പെടുകയോ പോലുമുണ്ടായിട്ടില്ല. പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച്ച ശാലിനി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

വായ്പാതട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും കൊല്ലപ്പെട്ട രാജ്കുമാറിന്റെ സന്തത സഹചാരിയുമായിരുന്നു ശാലിനി. രാജ്കുമാറിന് പിന്നിലുള്ള തട്ടിപ്പ് സംഘത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് ശാലിനിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശാലിനിയെ ചോദ്യം ചെയ്താൽ ജനങ്ങളിൽ നിന്ന് ശേഖരിച്ച പണം രാജ്കുമാർ ആർക്കാണ് നൽകിയതെന്ന് വെളിവാകുമെന്ന് ഭയമാകണം തിരോധാനത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.