പീരുമേട്: രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചതിന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്ത നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ സ്വാധീനിക്കാനും ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.റിമാന്റിലുള്ള എസ്.ഐ സാബു ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. ഒന്നാം പ്രതിയായ എസ്.ഐ കെ.എ. സാബു ദേവികുളം സബ് ജയിലിലും നാലാംപ്രതി സജീവ് ആന്റണി പീരുമേട് സബ് ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. ഇനി അറസ്റ്റിലാകാനുള്ള കേസിലെ രണ്ടും മൂന്നും പ്രതികളായ സിവിൽ പൊലീസ് ഓഫീസർ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവർ ഒളിവിലാണ്.