തൊടുപുഴ: കെ.എസ്.യു നടത്തിയ പഠിപ്പുമുടക്കു സമരത്തിനിടെ ന്യൂമാൻ കോളജിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു കെ.എസ്.യു പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസെടുത്തു. അതിക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ഇന്നലെ കോളജ് അധികൃതർ പൊലീസിന് കൈമാറി. ഇതു പരിശോധിച്ചതിനെ തുടർന്നാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. സംസ്ഥാന സെക്രട്ടറി മുനീർ, ജില്ലാ പ്രസിഡന്റ് ടോണി തോമസ്, പ്രവർത്തകരായ സിബി ജോസഫ്, അജയ് സാന്റോ, ക്ലമന്റ് ജോസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി സി.ഐ സജി ചെറിയാൻ പറഞ്ഞു. അക്രമസംഭവങ്ങളിൽ കോളേജിന് നേരിട്ട നാശ നഷ്ടങ്ങളുടെ കണക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പി.ഡബ്ല്യു.ഡിയ്ക്ക് കത്തു നൽകി. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തിനിടെയാണ് ന്യൂമാൻ കോളജിനു നേരെ ആക്രമണമുണ്ടായത്.