തൊടുപുഴ: ഡി.വൈ.എഫ്.ഐ​​- എസ്.എഫ്.ഐ മാർച്ചിനിടെ പ്രവർത്തകർ നഗരസഭാ കൗൺസിൽ ഹാളിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തിൽ അഞ്ച് ഇടതു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്‌ കേസെടുത്തു. ഡി.വൈ.എഫ്‌.ഐ പ്രവർത്തകനായ കാരിക്കോട് പൊന്നാട്ട് ഷമീർ, കണ്ടാലറിയാവുന്ന നാലുപേർ എന്നിവർക്കെതിരെയാണ്‌ കേസെടുത്തത്. എന്നാൽ സംഭവത്തിൽ ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. മുനിസിപ്പൽ ഓഫീസിൽ നിന്നുള്ള അതിക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്. സർക്കാർ മുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യ നിർവഹണം തടപ്പെടുത്തുക, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് തൊടുപുഴ സി.ഐ സജീവ് ചെറിയാൻ പറഞ്ഞു. തുടർ സമരം ആലോചിക്കുന്നതിനായി യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം ഇന്ന് ചേരും. സംഘർഷത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് , ബി.ജെ.പി അംഗങ്ങൾ ചെയർപേഴ്സൺ ജെസി ആന്റണിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റു ചെയ്യാമെന്ന് ഡിവൈ.എസ്.പി ഉറപ്പു നൽകിയത്. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്നും ഉടൻ അറസ്റ്റു ചെയ്യുമെന്നും അക്രമത്തെതുടർന്ന് ചെയർപേഴ്സന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഓഫീസിൽ നേരിട്ട നാശനഷ്ടത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.