dam
ഡാമിന്റെ അടിത്തറയുടെ നിർമ്മാണം പൂർത്തിയായ നിലയിൽ.

നിർമ്മാണത്തിന് ജിയോളജി വകുപ്പിന്റെ അംഗീകാരം.

മറയൂർ: അഞ്ചുനാടിന്റെ കാർഷിക പെരുമയ്ക്ക് മുതൽക്കൂട്ടാകുന്ന പട്ടിശേരി ഡാമിന്റെ നിമ്മാണത്തിന് അനുമതിയായി. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചതോടു കൂടി കാന്തല്ലൂർ പഞ്ചായത്തിലെ പട്ടിശ്ശേരി ഡാമിന്റെ നിർമാണത്തിന് പുതുജീവനായി. മറയൂർ, കാന്തല്ലൂർ മേഖലയിൽ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ജലസേചനത്തിനും ഏറെ പ്രയോജനം ചെയ്യുമെന്നതിനാലാണ് നിലവിലുള്ള ചെക്ക്ഡാമിന് പകരമായി പുതിയ ഡാം എന്ന നിർദേശം ഉണ്ടായത്. 2013 ൽ നിലവിലുണ്ടായിരുന്ന ചെക്ക്ഡാം പൊളിച്ചുമാറ്റിയിരുന്നു 2014 നവംബർ 3ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് പുതിയ ഡാമിന്റെ നിർമ്മാണം ഉദ്ഘാടനം നടത്തിയത്. 24 കോടി രൂപയായിരുന്നു അന്ന് നിർമ്മാണ ചെലവായി കണക്കാക്കിയിരുന്നത്. നിലവിൽ ഒഴുകുന്ന ജലം തിരിച്ചുവിടുന്നതിനുള്ള കനാലിന്റെ നിർമ്മാണവും പാറകളിലെ കറ കളയുന്നതിനുള്ള പണികളുമാണ് ഇപ്പോൾ നടന്നുവരുന്നത്. . ഒരു മാസത്തിനകം കോൺക്രീറ്റിന്റെ പണി ആരംഭിക്കും.

എസ്റ്റിമേറ്റിൽ നിൽക്കാതായി

ഡാമിന്റെ അടിത്തറയുടെ മണ്ണ് മാറ്റി ഉറപ്പുള്ള പ്രതലം കണ്ടെത്തുന്നതിന് 7 മിറ്ററിലധികം താഴ്ചയിൽ മണ്ണും കല്ലും മാറ്റേണ്ടി വന്നു. ഇതോടു കൂടി നിലവിലെ എസ്റ്റിമേറ്റും പ്ലാനും അനുസരിച്ച് ഡാം നിർമ്മാണം നടക്കാതെ വന്നു.പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിന് നല്കി. അതിന് ഭരണ, സാങ്കേതിക അനുമതി ലഭിക്കുന്നതിനുണ്ടായ താമസവും കരാറുകാരനുമായിട്ടുള്ള തർക്കവും കാരണം വീണ്ടും നിർമ്മാണത്തിന് താമസം നേരിട്ടു. വീണ്ടും അടിത്തറയുടെ ബലം ഉറപ്പാക്കി അവസാന കടമ്പയായ ജിയോളജി വകുപ്പിന്റെ അനുമതിയും ലഭിച്ചതോടു കൂടിയാണ് ഡാം നിർമ്മാണം വീണ്ടും സജീവമായത്. കാന്തല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമവും ശീതകാല പച്ചക്കറി കൃഷിയടക്കമുള്ള കാർഷിക മേഖലയിലെ ജലസേചന പ്രശ്നങ്ങളും ഡാം നിർമാണം പൂർത്തിയാകുന്നതോടു കുടി പരിഹരിക്കപ്പെടും.ഡാമിന്റെ സാന്നിദ്ധ്യം വിനോദ സഞ്ചാര മേഖലയിലും പുത്തൻ ഉണർവ്വിന് കാരണമാകും.

.നിർമ്മാണം ആരംഭിച്ചത് 2014ൽ

പഴയ എസ്റ്റിമേറ്റ് 24 കോടി

പുതിയ എസ്റ്റിമേറ്റ് 46.8 കോടി

നീളം 140 മീറ്റർ

ഉയരം 33 മീറ്റർ