തൊടുപുഴ: കോതായിക്കുന്നിലുള്ള നഗരസഭാ ബസ് സ്റ്റാന്റിലൂടെ കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സമയമറിയാൻ മാർഗമില്ലാതെ യാത്രക്കാർ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ദീർഘ ദൂര സർവ്വീസുകൾ ഉൾപ്പെടെ എല്ലാ സർവീസുകളും കോതായിക്കുന്നിലുള്ള നഗരസഭ സ്റ്റാൻഡിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ നഗരസഭ സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി വിവിധ സ്ഥലങ്ങളിലേക്കായി നിരവധി സർവീസുകൾ നടത്തുന്നുമുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്ന ബസുകൾ ഉൾപ്പടെ ആയിരത്തോളം സർവീസുകളാണ് കെ.എസ്.ആർ.ടി.സി കോതായിക്കുന്ന് ബസ് സ്റ്റാൻഡിലൂടെ ദിവസവും ഓടുന്നത്. എന്നാൽ ഈ ട്രാൻ.ബസുകളുടെ സമയം കൃത്യമായി അറിയാൻ കഴിയാതെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. സ്റ്റാൻഡിലുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. വിദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്.
ഇൻഫർമേഷൻ സെന്റർ നിറുത്തിയിട്ട് ഏഴ് മാസം
ബസുകളുടെ കൃത്യമായ സമയങ്ങൾ അറിയുന്നതിന് നേരത്തെ കോതായിക്കുന്ന് ബസ് സ്റ്റാന്റിൽ കെ.എസ്.ആർ.ടി.സി ഇൻഫർമേഷൻ സെന്റർ ആരംഭിച്ചിരുന്നു. ഇവിടെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ സ്റ്റേഷൻ മാസ്റ്ററെയും നിയോഗിച്ചിരുന്നു. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഇതിന്റെ പ്രവർത്തനം ഏറെ പ്രയോജനവുമായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് മാസത്തിൽ ഏറെക്കാലമായി ഇൻഫർമേഷൻ കൗണ്ടർ അടച്ച് പൂട്ടിയിരിക്കുകയാണ്. ടോമിൻ ജെ. തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്നപ്പോൾ ജീവനക്കാരുടെ അദർ ഡ്യൂട്ടി അവസാനിപ്പിച്ചതോടെയാണ് ഇൻഫർമേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിറുത്തേണ്ടിവന്നത്. സർക്കാർ- കെ.എസ്.ആർ.ടി.സി തലങ്ങളിൽ നയപരമായ തീരുമാനങ്ങൾ ഉണ്ടായാൽ ഇൻഫർമേഷൻ കൗണ്ടർ പുനഃസ്ഥാപിക്കുമെന്നും അധികൃതർ പറയുന്നു.