rajkumar-

ഇടുക്കി/രാജാക്കാട്: റിമാൻഡ് പ്രതി രാജ്കുമാറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുള്ളതായി സൂചന. നേരത്തേ സ്ഥലംമാറ്റിയ രണ്ടുപേരാണ് ഇവരെന്നാണ് വിവരം. ഇവരെ ഇന്നലെ രാവിലെ മുതൽ ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ നാലിലൊതുങ്ങില്ലെന്ന് അന്വേഷണസംഘം സൂചന നൽകിയിരുന്നു.

അതേസമയം,​ കേസിലെ രണ്ടും മൂന്നും പ്രതികളായ സി.പി.ഒ റെജിമോന്റെയും പൊലീസ് ഡ്രൈവർ നിയാസിന്റെയും അറസ്റ്റ് ഇന്നലെയുമുണ്ടായില്ല. ഇവർ ഇന്നലെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് രാവിലെ മുതൽ മാദ്ധ്യമപ്രവർത്തകർ കാത്ത് നിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇവർ ഒളിവിലാണെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും നിയാസ് നാട്ടിൽ തന്നെയുണ്ടെന്നാണ് വിവരം. മരിച്ച കുമാറിനെ കൂടുതൽ ഉപദ്രവിച്ചത് നിയാസാണെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിരുന്നു.

ഇന്നലെ ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. കുമാറിന് മർദ്ദനമേറ്റ സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമമുറിയും ലോക്കപ്പിന് സമീപമുള്ള മുറിയും പരിശോധിച്ചു. തുടർന്ന് നെടുങ്കണ്ടം റസ്റ്റ് ഹൗസിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അറസ്റ്റിലായ എസ്.ഐ കെ.എ. സാബുവിന്റെയും സി.പി.ഒ സജീവ് ആന്റണിയുടെയും കുറ്റസമ്മത മൊഴിയും ഐ.ജി പരിശോധിച്ചു.

ഇവരുടെ മൊഴികളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സംഘം വിവരങ്ങൾ ശേഖരിക്കും. നടപടികൾ വേഗത്തിലാക്കാനും ഐ.ജി നിർദ്ദേശം നൽകിയെന്നാണ് വിവരം. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

59 പൊലീസുകാരുടെയും മൊഴിയെടുത്തു
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ആകെയുള്ള 59 പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ഈ മൊഴികളുടെ പരിശോധന തുടരുകയാണ്.