തൊടുപുഴ: ഹരിത ഫിനാൻസ് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളായ മഞ്ജുവിനും ശാലിനിക്കും എൽ.ഡി.എഫ് ഭരിക്കുന്ന പട്ടം കോളനി സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന് ബാങ്ക് ഭരണസമിതി സ്ഥിരീകരിച്ചു. എന്നാൽ, രാജ്കുമാറിനോ ഹരിത ഫിനാൻസിനോ ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നില്ലെന്നും ബാങ്ക് പ്രസിഡന്റും സി.പി.എം നേതാവുമായ ജി. ഗോപകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2008 മുതൽ അക്കൗണ്ടുള്ള മഞ്ജുവിന് ബാങ്കിൽ അംഗത്വവുമുണ്ട്. തൂക്കുപാലം പ്രഭാത- സായാഹ്ന ശാഖയിലെ ഇരുവരുടെയും അക്കൗണ്ടിൽ ആയിരം രൂപ മാത്രമാണുള്ളത്. നാളിതുവരെ ഒരിടപാടും ഈ അക്കൗണ്ടിൽ നടന്നിട്ടില്ല. അഞ്ച് ലീഫുകൾ വീതമുള്ള മൂന്ന് ചെക്ക് ബുക്കുകൾ കെ.വൈ.സി നിയമപ്രകാരം നാല് മാസത്തിനിടെ ശാലിനിക്ക് നൽകിയിട്ടുണ്ട്. മഞ്ചുവിന് ഒരു ചെക്ക്ബുക്കും നൽകി.
രാജ്കുമാറിന് പട്ടം കോളനി ബാങ്കിൽ അക്കൗണ്ടുണ്ടെന്നും ബാങ്കിൽ നിന്ന് 150 ചെക്ക് ബുക്കുകൾ തട്ടിപ്പ് സംഘത്തിന് നൽകിയെന്നും പി.ടി. തോമസ് നിയമസഭയിൽ ആരോപിച്ചിരുന്നു. തട്ടിപ്പുസംഘത്തിന് 4000 അക്കൗണ്ടുകൾ ബാങ്കിൽ നിന്ന് കൈമാറിയെന്ന് വി.ഡി. സതീശനും ആരോപിച്ചു. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
ഹരിത ഫിനാൻസ് ഉദ്ഘാടനം ചെയ്തത് ബാങ്ക് പ്രസിഡന്റാണെന്നും പ്രസിഡന്റ് തട്ടിപ്പ് സംഘത്തിന്റെ വാഹനത്തിൽ സഞ്ചരിച്ചെന്നുമുള്ള പ്രചാരണവും കള്ളമാണ്. ഒരു പാസ്റ്ററാണ് ഫിനാൻസ് ഉദ്ഘാടനം ചെയ്തതെന്നാണ് അറിയാനായത്. ഞാൻ ഇതുവരെ രാജ്കുമാറിനെയോ ശാലിനിയെയോ നേരിട്ട് കണ്ടിട്ടുപോലുമില്ല. വർഷങ്ങളായി എന്റെ പഞ്ചായത്തിൽ താമസിക്കുന്നതിനാൽ മഞ്ജുവിനെ അറിയാം. കള്ള പ്രചാരണം നടത്തിയവർക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. എം.എൽ.എമാർ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സ്പീക്കർക്ക് പരാതി കൊടുത്തു.
ബാങ്കിൽ എൽ.ഡി.എഫ് ഭരണസമിതി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിനാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം അപകീർത്തിപ്പെടുത്താൻ മനപ്പൂർവം ശ്രമിക്കുകയാണെന്നും ഗോപകൃഷ്ണൻ പറഞ്ഞു.