ഇടുക്കി: മൂന്നാറിലെ ഗതാഗത പ്രതിസന്ധികൾക്ക് ഉടൻ പരിഹാരമാകും. വാഹന ഗതാഗതം നിയന്ത്രിക്കാനും താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കാനും എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നാർ പഞ്ചായത്ത് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. അടുത്ത ഒരു വർഷത്തേക്ക് സ്‌പോർട്സ് കൗൺസിലിന്റെ സഹകരത്തോടെ പഴയ മൂന്നാറിൽ ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായ പ്രദേശത്ത് പാർക്കിംഗ് ഗ്രൗണ്ട് ക്രമീകരിക്കും. വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും പേ ആന്റ് പാർക്കിംഗ് രീതിയിൽ സ്ഥലം കണ്ടെത്തും, മൂന്നാർ, ദേവികുളം രാജമല, മാട്ടുപ്പെട്ടി അടക്കമുള്ള പ്രദേശങ്ങളിൽ നിലവിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ നവീകരിച്ച് കുടുതൽ സൗകര്യം ഏർപ്പെടുത്തും. പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള പ്രദേശത്ത് വഴിയോര കച്ചവടക്കാർക്ക് നിയന്ത്രണമുണ്ടാക്കും. വിവിധ ഇടങ്ങളിൽ സ്ഥലം കണ്ടെത്താൻ വനം വകുപ്പ്, ഡി.ടി.പി.സി, മൂന്നാർ പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചു. പുതുതായി കണ്ടെത്തുന്ന പ്രദേശങ്ങളിലും മുൻകാലങ്ങളിൽ ഉള്ള പ്രദേശങ്ങളിലും ഇ- ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. മൂന്നാർ ടൗൺ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ റോഡുകളുടെ അറ്റകുറ്റ പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു. മൂന്നാറിലെ അനധിക്യത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ, ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ്, മ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മി, ദേവികുളം ഡി.എഫ്.ഒ നരേന്ദ്ര ബാബു മുന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ കറുപ്പുസ്വാമി എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു.