ഇടുക്കി: മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷി നാശമുണ്ടായ കർഷകർക്ക് അടിയന്തര ധനസഹായം നൽകാൻ മൂന്നാറിൽ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. പാമ്പാർ ഒഴുകുന്ന വന മേഖലയിൽ ചെക്ക്ഡാം നിർമ്മിക്കുന്നതിനും വനമേഖലയിൽ ആനകൾക്ക് ഭക്ഷണത്തിനായി പുൽകൃഷി നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ജില്ലയുടെ വിവിധ ഇടങ്ങളിൽ ജനവാസ മേഖലകളിൽ കാട്ടാനകൾ ഇറങ്ങുന്നത് തടയുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
അടുത്ത മാർച്ചിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ്, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ദേവികുളം ഡി.എഫ്.ഒ നരേന്ദ്ര ബാബു
തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനം.