ഇടുക്കി: പ്രളയ പുനരധിവാസത്തിന് സഹകരണ പ്രസ്ഥാനം വലിയ പങ്ക് വഹിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയം കവർന്ന വീടിന് പകരം പ്രളയബാധിതർക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി വീടുകൾ നിർമ്മിക്കാൻ ധനസഹായം നല്കുന്ന കെയർ ഹോം പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയ സഹകരണ സംഘങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. പൊതുജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹായമേകും വിധത്തിൽ സഹകരണ ബാങ്കിന്റെ പ്രവർത്തനം വിവിധ തലത്തിൽ വിപുലീകരിച്ചത് ഏറെ പ്രയോജനപ്രദമാണെന്നും മന്ത്രി പറഞ്ഞു.
കെയർ ഹോം പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച നാല് വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. ആറ് വീടുകൾ ആദ്യം ഘട്ടത്തിൽ പൂർത്തീകരിച്ചിരുന്നു. 22 വീടുകളാണ് കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി തങ്കമണി ബാങ്ക് നിർമ്മിച്ചു നൽകുന്നത്. ഇതിൽ 12 വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി വർഗീസ് ഫാർമേഴ്സ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു. ഓഫീസ് മന്ദിരത്തിന്റെ ആദ്യ നിലയിൽ സജ്ജീകരിച്ച സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് നിർവ്വഹിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് ഇക്കോഷോപ്പിന്റെയും ജില്ലാപഞ്ചായത്തംഗം ലിസമ്മ സാജൻ വളം ഗോഡൗണിന്റെയും അസിസ്റ്റന്റ് രജിസ്ട്രാർ എം.കെ.സുരേഷ് കുമാർ കോൺഫ്രൻസ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ഡി.പി പ്രോജക്ട് മാനേജർ പി.എസ്. വിജയൻ നവീകരിച്ച മെയിൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല അസിസ്റ്റന്റ് രജിസ്ട്രാർ പി.എം സോമൻ സേഫ് ഡിപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് യോഗത്തിൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഉദ്ഘാടന യോഗത്തിന് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ജെ രവീന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ എം.ജെ.ജോൺ സ്വാഗതവും ബാങ്ക് ഡയറക്ടർ ബിജു ചന്ദ്രൻ നന്ദിയും പറഞ്ഞു. യോഗത്തിൽ കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സാബു, പി ഡി സി റിസോഴ്സ് പേഴ്സൺ കെ.എ.ആനന്ദവല്ലി തുടങ്ങിയവർ പങ്കെടുത്തു.