ചെറുതോണി: തൂക്കുപാലം ഹരിത പണം തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ ജനപ്രതിനിധികൾ നിർബന്ധിച്ചാണ് പണം നിക്ഷേപിപ്പിച്ചത്. ഇതിലൂടെ വിശ്വസനീയത ഉണ്ടാവുകയും നിർദ്ധനരായ പാവപ്പെട്ട സ്‌ക്രൾ ഉൾപ്പടെയുള്ളവർ തട്ടിപ്പിന് ഇരയാകുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരും ഒരു രാഷ്ട്രീയവുമില്ലാത്ത നിരക്ഷരരായ സ്ത്രീകളും കൈയിലുണ്ടായിരുന്ന അഞ്ഞൂറും ആയിരവും പതിനായിരവുമൊക്കെ അതിൽ നിക്ഷേപിക്കുകയുണ്ടായി. കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരുടെ വാക്കുകളിൽ കുടുങ്ങിയാണ് പാവങ്ങൾ പണം നിക്ഷേപിച്ചത്. തട്ടിപ്പു സ്ഥാപനത്തിന്റെ ആരംഭം മുതൽ പൊലീസ് പിടിക്കപ്പെടുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടുണ്ട്. മുതിർന്ന ഒരു കോൺഗ്രസ് നേതാവ് ഇടപെട്ടാണ് പഞ്ചായത്ത് ലൈസൻസ് അനുവദിപ്പിച്ചു കൊടുത്തത്. തട്ടിപ്പുകാരെ രക്ഷിക്കുന്നതിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കും അന്വേഷണ വിധേയമാക്കണം. ഇദ്ദേഹമാണ് കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ തുടക്കം മുതൽ നീക്കം നടത്തിയത്. കോൺഗ്രസ് നേതാവ് പ്രസിഡന്റായ അർബൻ ബാങ്കിലാണ് തട്ടിപ്പു സംഘത്തിലെ ഒരു പ്രതി പണം നിക്ഷേപിച്ചത്. ഇതിന്റെ ജാള്യത മറയ്ക്കാനാണ് ദുരാരോപണങ്ങൾ ഉന്നയിക്കുന്നത്. കോൺഗ്രസ് ജനപ്രതിനിധികളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. കുറ്റക്കാരായ മുഴുവൻ പൊലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് പാർട്ടിയുടെ നിലപാട്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. മരണപ്പെട്ട രാജ്കുമാർ ആദ്യദിവസം മുഴുവൻ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിലാണ് സഞ്ചരിച്ചത്. കോൺഗ്രസ് പഞ്ചായത്ത് മെമ്പറുടെ പുറത്തു വന്ന സംഭാഷണത്തിൽ ഇക്കാര്യം വ്യക്തമാണ്. നെടുങ്കണ്ടം സി.ഐയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പങ്കും സംഭാഷണത്തിൽ ഉണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് മൊഴിയിൽ പറയുന്ന പീരുമേട് സ്റ്റേഷനിലെ പൊലീസുകാരനെ അറസ്റ്റ് ചെയ്യണം. പാവപ്പെട്ടവരുടെ നാലുകോടിയോളം രൂപയാണ് അപഹരിക്കപ്പെട്ടിട്ടുള്ളത്. പണാപഹരണത്തിനും തട്ടപ്പിനും നേതൃത്വം കൊടുത്ത മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ആവശ്യപ്പെട്ടു.