ചെറുതോണി: വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരായ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നുവരുന്നതായി യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റിയുടെ ആരോപണം. ബാങ്കിൽ അംഗങ്ങൾക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ് ഉപയോഗിക്കുന്നത്. ബാങ്കിൽ അംഗത്വമെടുത്ത് കാർഡ് വാങ്ങാത്തവരും നിലവിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവരും പുതിയ ഐഡന്റിറ്റി കാർഡ് വാങ്ങണം. ഇത്തരത്തിൽ ആയിരക്കണക്കിന് അംഗങ്ങളുള്ള വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിൽ ഐ.ഡി കാർഡ് പുതുക്കുന്നതിന് ഒരംഗം 40 രൂപ വീതം അടയ്ക്കണമെന്നാണ് തീരുമാനം. സമീപ പ്രദേശത്തുള്ള മറ്റ് സഹകരണ ബാങ്കുകളിൽ ഇലക്ഷൻ നടന്നെങ്കിലും അവിടെയൊന്നും കാർഡ് പുതുക്കുന്നതിന് ഇത്തരത്തിൽ പണം ഈടാക്കിയിട്ടില്ല. ഭരണസമിതി അഴിമതി നടത്തുന്നതിനാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്നും ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി എൻ. പുരുഷോത്തമൻ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ റോയി കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. എ.പി. ഉസ്മാൻ, ജോസ് കുഴികണ്ടം, എം.കെ. നവാസ്, സന്തോഷ് കുറിച്ചി, വിജയൻ കൂറ്റാംതടം, ഷിജോ തടത്തിൽ, ജോയി വർഗീസ്, ശശികല രാജു, ജേക്കബ് പിണക്കാട്ട്, റ്റോമി കൊച്ചുകുടി, അനിൽ ആനയ്ക്കനാട്ട്, സി.പി സലീം, മുഹമ്മദ് പനച്ചിക്കൽ, ടിന്റു സുഭാഷ്, ആലീസ് ജോസ് എന്നിവർ സംസാരിച്ചു.