തൊടുപുഴ: നഗരസഭാ ഓഫീസിനുള്ളിൽ സംഘ‍ർഷമുണ്ടാക്കുകയും കൗൺസിൽ ഹാളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത കേസിലെ പ്രതികളെ ഇതുവരെ പിടികൂടാതെ പൊലീസ്. നഗരസഭയുടെ ചരിത്രത്തിലാദ്യമായി കൗൺസിൽ നടക്കുന്നതിനിടെ ഹാളിൽ കയറി തടസപ്പെടുത്തുകയും കൗൺസിലർമാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. സംഭവം നടന്ന ദിവസം പ്രതിഷേധവുമായെത്തിയ ചെയർപേഴ്സണടക്കമുള്ള യു.ഡി.എഫ് നേതാക്കളോട് പ്രതികളെ 24 മണിക്കൂറിനകം കസ്റ്റഡിയിലെടുക്കുമെന്ന് തൊടുപുഴ ഡിവൈ.എസ്.പി നൽകിയ ഉറപ്പും പാലിക്കാനായില്ല. അക്രമങ്ങളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം അഞ്ചു പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരം നടത്താൻ ഇന്നലെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അഴിമതിയാരോപണം ഉന്നയിച്ച് ഡി.വൈ.എഫ്‌.ഐ- എസ്.എഫ്‌.ഐ പ്രവർത്തകർ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിനിടെയാണ് അക്രമമുണ്ടായത്. സംഘർഷത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സർക്കാർ മുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യ നിർവഹണം തടപ്പെടുത്തുക, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. കൗൺസിൽ ഹാളിൽ നടന്ന അക്രമത്തിൽ 69,​000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു. ഉന്തിലും തള്ളിലും സി.ഐയും വനിതാപൊലീസുകാരിയുമടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിക്കാനായി ചൊവ്വാഴ്ച അടിയന്തര കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചു. യോഗത്തിൽ പ്രതിഷേധ പ്രമേയം പാസാക്കും. ബുധനാഴ്ച നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.എം. ഹാരിദ് പറഞ്ഞു. യോഗത്തിൽ ചെയർപേഴ്‌സൺ ജെസി ആന്റണി, വൈസ് ചെയർമാൻ സി.കെ. ജാഫർ, കൗൺസിലർമാർ, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ എന്നിവർ പങ്കെടുത്തു.