peerumedu-custodial-death

ഇടുക്കി: ക്രൂരമായി തന്നെയും രാജ്കുമാറിനെയും പൊലീസ് ഉപദ്രവിച്ചെന്ന് ഹരിത ഫിനാൻസ് വായ്പാതട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനിയുടെ വെളിപ്പെടുത്തൽ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിലായിരുന്ന ശാലിനി ഇന്നലെയാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. നാട്ടുകാർ ക്രൂരമായി ഉപദ്രവിച്ചിരുന്നില്ല. എന്നാൽ പൊലീസിന്റേത് കൊല്ലാൻ വേണ്ടിയുള്ള പീഡനമായിരുന്നു. ഒമ്പതോളം പൊലീസുകാരാണ് തന്നെ മർദ്ദിച്ചത്. ഒരു പൊലീസുകാരി തന്റെ രഹസ്യഭാഗത്ത് പച്ചമുളക് തേച്ചു. പൊലീസുകാർ രാജ്കുമാറിനെയും നന്നായി ഉപദ്രവിച്ചെന്നും താൻ ദൃക്സാക്ഷിയാണെന്നും ശാലിനി പറഞ്ഞു.

വാങ്ങിയ പണം തിരികെ നൽകാൻ 24 മണിക്കൂർ സമയം തരണമെന്ന് ആദ്യം തന്നെ രാജ്കുമാർ എസ്.ഐയോട് കൈകൂപ്പി പറഞ്ഞിരുന്നു. എന്നാൽ രാജ്കുമാറിനോട് മുട്ടുമടക്കി ഇരിക്കാൻ പറഞ്ഞു. ഇരുന്ന ഉടനേ ചൂരൽകൊണ്ട് അടിതുടങ്ങി. പിന്നീട് രാജ്കുമാറിന്റെ കണ്ണിൽ പച്ചമുളക് തേച്ചു. പണത്തിന് വേണ്ടിയായിരുന്നു മർദ്ദനം. ഒരു പൊലീസുകാരൻ 5,000 രൂപയും എസ്‌.ഐ 50,000 രൂപയും ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. എസ്.പിക്കും ഡിവൈ.എസ്.പിക്കുമെല്ലാം വിവരമറിയാമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നത് കേട്ടു. തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ട്. താൻ കൈപ്പറ്റിയ 63 പേരുടെ പണം രാജ്കുമാറിനെയാണ് ഏല്പിച്ചത്. നടന്നത് 15 ലക്ഷത്തിന്റെ ബിസിനസ് മാത്രമാണെന്നും ശാലിനി പറഞ്ഞു.

ഫോണിലൂടെ പരിചയപ്പെട്ട രാജ്കുമാറിനെ മാർച്ച് നാലിനാണ് ആദ്യമായി കാണുന്നത്. ഫിനാൻസുകാരനാണെന്നറിഞ്ഞപ്പോൾ വായ്പയെടുക്കാനായാണ് രാജ്കുമാറിനെ സമീപിച്ചത്. കൂലിപ്പണിക്കാരിയായിരുന്ന തന്നെ സംഘത്തിൽ ആളെ ചേർത്തത് കൊണ്ടാണ് എം.ഡിയാക്കിയത്. നാല് മാസം പ്രവ‌ർത്തിച്ചെങ്കിലും തനിക്ക് ശമ്പളമൊന്നും കിട്ടിയിട്ടില്ല. അന്വേഷിച്ചപ്പോൾ നാസർ എന്ന അഭിഭാഷകനാണ് ശമ്പളം തരുന്നതെന്നാണ് പറഞ്ഞത്. നാട്ടുകാരുടെ പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അന്വേഷിച്ചപ്പോൾ കുട്ടിക്കാനത്തെ വസ്തു വിറ്റ് കിട്ടിയ നാല് കോടി 60 ലക്ഷം രൂപ കൈയിലുണ്ടെന്നും അത് നാസറിനെ ഏല്പിച്ചിരിക്കുകയാണെന്നുമാണ് രാജ്കുമാർ പറഞ്ഞത്. രാജ്കുമാറിന് ബാങ്കുകളിൽ നിക്ഷേപമില്ല, എ.ടി.എം പോലും കൈയിൽ കണ്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു.