രാജാക്കാട്: സൂര്യനെല്ലിയിൽ തോട്ടം തൊഴിലാളികൾ രണ്ടര മാസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. കൈയേറ്റ ഭൂമികൾ തിരിച്ചുപിടിച്ച് മുഴുവൻ ഭൂരഹിത തൊഴിലാളികൾക്കും നൽകുമെന്ന സർക്കാർ ഉറപ്പിലാണ് സി.പി.ഐ പിന്തുണയുള്ള സമര സമിതിയുടെ പിൻമാറ്റം. ബുധനാഴ്ചയ്ക്കുള്ളിൽ ഭൂമിക്കുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഹ്ളാദ സൂചകമായി തൊഴിലാളികൾ സൂര്യനെല്ലി ടൗണിൽ പ്രകടനം നടത്തി. ഏപ്രിൽ 21നായിരുന്നു നൂറ്റമ്പതോളം തൊഴിലാളി കുടുംബങ്ങൾ ടൗണിന് സമീപം സ്വകാര്യ കമ്പനി കൈയടക്കി വച്ചിരുന്ന രണ്ടര ഏക്കറോളം ഭൂമിയിൽ പ്രവേശിച്ച് കുടിലികൾ നിർമ്മിച്ചത്. സമരത്തിന് കോൺഗ്രസും മറ്റ് ചില സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഭൂരഹിതരായ ആയിരക്കണക്കിന് കുടുംബങ്ങൾ കയറിക്കിടക്കാൻ സ്ഥലമില്ലാതെ വിഷമിക്കുമ്പോൾ കൈയേറ്റ മാഫിയ ചിന്നാക്കനാൽ മേഖലയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറിയിരിക്കുകയാണെന്നും അവ പിടിച്ചെടുത്ത് സ്ഥലമില്ലാത്തവർക്ക് നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് സമര സമിതി പ്രവർത്തകർ റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രമുഖ കുടുംബം സർക്കാർ ഭൂമി കൈയേറി പല പേരുകളിലും തണ്ടപ്പേരുകളിലുമായി അനധികൃത പട്ടയം സമ്പാദിച്ചിരിക്കുന്നതിന്റെ പട്ടിക പരസ്യപ്പെടുത്തുകയും ചെയ്തു. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ തൊഴിലാളികളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞതിനെ തുടർന്ന് ശനിയാഴ്ച സമരഭൂമി ഏറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. മറ്റ് കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തൊഴിലാളികൾ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിൽ ഇവർ നിർമ്മിച്ച കുടിലുകൾ സ്ഥലത്ത് നിന്ന് നീക്കും.