തുടങ്ങനാട്ടുള്ള വ്യവസായ പാർക്കിലാണ് സ്പൈസസ് പാർക്ക് തുടങ്ങുക
കിൻഫ്രയുടെ കീഴിലായിരിക്കും പാർക്ക്
ചെലവ് 19.88 കോടി
കേന്ദ്രവിഹിതം 5.67 കോടി
സംസ്ഥാന വിഹിതം 14.21 കോടി
തൊടുപുഴ: കേന്ദ്ര സർക്കാർ പച്ചകൊടി കാട്ടിയതോടെ സ്പൈസസ് പാർക്കെന്ന മുട്ടം സ്വദേശികളുടെ സ്വപ്നത്തിന് വീണ്ടും ചിറക്മുളച്ചു. കേന്ദ്രസൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ അനുമതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായിട്ടാണ് മുട്ടം തുടങ്ങനാട്ടിൽ കിൻഫ്രയുടെ കീഴിൽ സ്‌പൈസസ് പാർക്ക് എന്ന പദ്ധതി വിഭാവന ചെയ്തത്. സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവർദ്ധനയായിരുന്നു ലക്ഷ്യം. പാർക്ക് യാഥാർത്ഥ്യമായാൽ ഏലം, ചുക്ക്, കുരുമുളക്, കാപ്പി, ജാതിക്ക, അടക്ക, കൊക്കോ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ച് വിപണനം ചെയ്യുന്നതിനും വ്യാവസായികാടിസ്ഥാനത്തിൽ സംസ്‌കരിക്കുന്നതിനും സാധിക്കും. കർഷകർക്ക് അർഹമായ വില ലഭ്യമാക്കുക വഴി മലയോര കർഷകരെ നാണ്യവിളകളിൽ കൂടുതൽ ആകൃഷ്ടരാക്കുന്നതിനും കഴിയും. പദ്ധതിക്ക് അനുമതി ലഭിച്ചതോടെ ജലം, വൈദ്യുതി, റോഡ്, മാലിന്യസംസ്കരണ പ്ലാന്റ്, വെയർഹൗസ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കിൻഫ്ര വികസിപ്പിക്കും. ഇതിനായി 45 ഏർക്കർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിയോട് പുറംതിരിഞ്ഞ് നിന്നതിനാലാണ് സ്‌പൈസസ് പാർക്ക് എന്ന സ്വപ്‌നം ഇതുവരെ യാഥാർത്ഥ്യമാകാത്തത്.
തടസങ്ങൾ പലവിധം
വർഷങ്ങളായി പദ്ധതിക്ക് തടസമായി മാറിയത് പ്രാദേശികമായുണ്ടായ ചില പ്രശ്‌നങ്ങളാണ്. സ്‌പൈസസ് പാർക്കിന് ആകെ വേണ്ടിയിരുന്നത് 101 ഏക്കർ സ്ഥലമായിരുന്നു. എന്നാൽ തുടങ്ങനാട്ടിൽ വ്യവസായ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ 16 ഏക്കർ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പദ്ധതി പ്രവർത്തനങ്ങൾക്ക് തടസമാകുമെന്ന് കണ്ടാണ് ബാക്കി 75 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്ന് പൊന്നും വില നിശ്ചയിച്ച് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചത്. പദ്ധതിക്ക് വേണ്ടി തുടങ്ങനാട് വ്യവസായ എസ്റ്റേറ്റിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലം വാങ്ങാൻ തീരുമാനിച്ചു. എന്നാൽ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് സ്ഥലം വിട്ട് നൽകിയാൽ തങ്ങൾക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞ് സ്ഥലം ഉടമകൾ കോടതിയെ സമീപിച്ചു. ഇതോടെ സ്‌പൈസസ് പാർക്കിന്റെ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.
പിന്നീട് 28 സ്ഥല ഉടമകൾ തങ്ങളുടെ സ്ഥലം വിട്ട് നൽകാൻ തയ്യാറായി. തുടർന്ന് ചീഫ് സെക്രട്ടറി, ഫൈനാൻസ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടർ, കിൻഫ്ര എം.ഡി എന്നിവർ ഉൾപ്പെട്ട എംപവർ കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടികൾ ആരംഭിച്ചു. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം നടപ്പ് വഴി, മണ്ണ് റോഡ്, ടാറിട്ട റോഡ്, പഞ്ചായത്ത് റോഡ്, സംസ്ഥാന പാത എന്നിങ്ങനെ തരം തിരിച്ച് കളക്ടർ ചെയർമാനായ ജില്ലാ തല പർച്ചേസിഗ് കമ്മിറ്റി സ്ഥലത്തിന് വില നിശ്ചയിച്ചിരുന്നു. സ്ഥലത്തിന്റെ വില നിലവാരം സംബന്ധിച്ച് ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന് സ്റ്റേറ്റ് ലെവൽ എംപവർ കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം വിട്ട് നൽകുന്ന മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമാകാത്തതും പദ്ധതി നടത്തിപ്പിന് പിന്നെയും തടസമായി. സ്ഥലം വിട്ട് നൽകാൻ തയ്യാറായവരുടെ സ്ഥലം പാർക്കിന് തൊട്ട് സമീപത്തല്ലാത്തതും തുടർ നടപടികളെ ബാധിച്ചു.
കിൻഫ്ര മടിച്ചു
പാർക്കിന്റെ ചുമതല വഹിക്കേണ്ട കിൻഫ്ര താത്പര്യം കാണിക്കാത്തതും തുടർ പ്രവർത്തനത്തെ ബാധിച്ചു. പ്രദേശത്തുള്ള ജനപ്രതിനിധികളും സ്ഥല ഉടമകളും കിൻഫ്രയുമായി ബന്ധപ്പെട്ടാൽ ഉദ്യോഗസ്ഥർ പദ്ധതി സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാറില്ലെന്നും ആക്ഷേപം നിലനിന്നിരുന്നു.
വികസനകുതിപ്പുണ്ടാകും
പദ്ധതി യാഥാർഥ്യമായാൽ മുട്ടം, തുടങ്ങനാട് മേഖലയുടെ വികസന കുതിപ്പുണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉൾപ്പടെയുള്ളവർക്ക് തൊഴിലവസരങ്ങളും കൈവരും.