തൊടുപുഴ: വാഹനവുമായി തൊടുപുഴ ടൗണിലൊന്ന് ഇറങ്ങിയാൽ നടുവൊടിയാതെ തിരിച്ച് വീട്ടിലെത്താനാകില്ല. അതാണ് നഗരത്തിലെ റോഡുകളുടെ അവസ്ഥ. നഗരത്തിലെ ചില പ്രധാന ഇടറോഡുകളിൽ കൂടി കാൽനട പോലും സാദ്ധ്യമല്ല. വലിയ കുഴപ്പമില്ലാതിരുന്ന ഈ റോഡുകളെല്ലാം വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി അധികൃതർ തന്നെ കുത്തിപൊളിച്ചതാണ്. ഇതിൽ പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകളുണ്ട്. പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും വെട്ടിപൊളിച്ചതിന്റെ ഉത്സാഹമൊന്നും നന്നാക്കിയെടുക്കാനില്ല. പൈപ്പൊന്നുമിട്ടില്ലെങ്കിലും ഐ.എം.എ റോഡ്, മാർക്കറ്റ്- കോതായിക്കുന്ന് റോഡ് എന്നീ ഇടറോഡുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. പരാതി പറഞ്ഞ് മടുത്തതല്ലാതെ അധികൃതർ ഇവിടേക്ക് തിരിഞ്ഞ് പോലും നോക്കാറില്ല.
കാഞ്ഞിരമറ്റം- മൂപ്പിൽകടവ് പാലം റോഡ്
തകർന്ന് കിടക്കുന്നതിൽ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ റോഡ് കാഞ്ഞിരമറ്റം ജംഗ്ഷൻ മുതൽ മൂപ്പിൽകടവ് പാലം വരെയുള്ള ഭാഗമാണ്. ഏകദേശം ഒരു വർഷത്തോളം മുമ്പാണ് പൈപ്പിടുന്നതിന് വേണ്ടി ഈ റോഡ് പൊളിച്ചത്. ഇതിനൊപ്പം പൊളിച്ച മാർക്കറ്റ് റോഡടക്കമുള്ള പാതകൾ ടാർ ചെയ്തു. എന്നാൽ ഈ റോഡ് നന്നാക്കുന്ന കാര്യം അധികൃതർ മറന്ന മട്ടാണ്. ടാറിംഗ് പൂർണമായും ഇളകിയ ഈ പ്രദേശത്താകെ വെയിലത്ത് മണ്ണും പൊടിയും നിറയും. മഴ പെയ്താൽ ഇവിടം ചെളിക്കുളമാകും. ദിവസവും നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന പാതയാണിത്. കെ.എസ്.ആർ.ടി.സിയടക്കം നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. പൈപ്പിടാൻ പൊളിച്ച മറ്റ് റോഡുകൾ നന്നാക്കിയതിന് ശേഷം ടാർ ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം രണ്ടാകാറായിട്ടും റോഡ‌് ശരിയാക്കുന്ന ലക്ഷണമില്ല.
പോസ്റ്റ്ഓഫീസ് റോഡ്
ജിനദേവൻ റോഡിൽ നിന്ന് മാർക്കറ്റ് റോഡിലേക്ക് എളുപ്പം പോകാവുന്ന വഴിയായിരുന്നു പോസ്റ്റ്ഓഫീസ് റോഡ്. ഇരുചക്രവാഹനയാത്രികർക്കടക്കം പലർക്കും ഉപകാരമായിരുന്ന ഈ റോഡ് പൂർണമായും കുത്തിപൊളിച്ചിട്ട് മാസങ്ങളായി. പൈപ്പിടാൻ വേണ്ടിയാണ് റോഡിന്റെ പകുതിയോളം ഭാഗം കുത്തിപൊളിച്ചത്. എന്നാൽ പൈപ്പിട്ട ശേഷം തിരികെ മണ്ണിട്ട് മൂടുന്ന കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്വവുമില്ല. ഇതുവഴി ഇപ്പോൾ കാൽനട പോലും സാദ്ധ്യമല്ല.
റെസ്റ്റ്‌ഹൗസ്- വെയർഹൗസ് റോഡ്
റെസ്റ്റ്‌ഹൗസ്- വെയർഹൗസ് റോഡും മാസങ്ങൾക്ക് മുമ്പ് പൈപ്പിടാനായി കുത്തിപൊളിച്ചതാണ്. ലക്ഷങ്ങൾ മുടക്കി ടൈൽ പാകിയ റോഡാണ് ഒരു കുറ്റബോധവുമില്ലാതെ വാട്ടർ അതോറിട്ടി കുത്തിപ്പൊളിച്ചത്. എന്നാൽ ഇതുവരെ റോഡ് പൂർവ സ്ഥിതിയിലാക്കാൻ അധികൃതർ തയാറായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. നിലവിൽ റോഡിലെ കുഴിയിൽ മഴവെള്ളം കെട്ടിക്കിടന്ന് ചെളിക്കുണ്ടായി മാറിയതോടെ കാൽനട യാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. ഈ റോഡിൽ പ്രവർത്തനമാരംഭിച്ച ഡീൻ കുര്യാക്കോസ് എം.പിയുടെ തൊടുപുഴയിലെ ഓഫീസിലേക്ക് വരണമെങ്കിൽ ഈ ചെളിക്കുഴികൾ താണ്ടണ്ടം.
മൗണ്ട് സീനായ് റോഡ്
ഒരു വർഷത്തിലേറെയായി മൗണ്ട് സീനായ് റോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട്. വടക്കംമുറി, പെരുമ്പിളിച്ചിറ, ഏഴല്ലൂർ ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന പാതയാണിത്. റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ടാറിളക് കുഴി രൂപപ്പെട്ടു.