കട്ടപ്പന:ഉപ്പുതറ വില്ലേജിലെ പട്ടയഭൂമിയിൽ റവന്യൂ വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. ഇതോടെ ഇന്നലെ മുതൽ കരം സ്വീകരിച്ച് തുടങ്ങി. എന്നാൽ പോക്കുവരവ്, നിജസ്ഥിതി സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങളിൽ അപേക്ഷകൾ വാങ്ങുക മാത്രമേ ചെയ്തുള്ളു. ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് എസ്റ്റേറ്റിൽ നിന്നും വാങ്ങിയ ഭൂമിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാകും ഇത് സംബന്ധിച്ച നടപടികൾ ഉണ്ടാകുക.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇന്നലെ മുതൽ കരം സ്വീകരിച്ച് തുടങ്ങിയത്. നികുതി സ്വീകരിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കത്തിലുണ്ടങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഇതുവരെ എത്തിയിട്ടില്ല. പീരുമേട് തഹസീൽദാർ വെളളിയാഴ്ച നിർദ്ദേശം നൽകിയെങ്കിലും വില്ലേജ് ഓഫീസർ അവധിയായിരുന്നതിനാൽ ശനിയാഴ്ച കരം സ്വീകരിച്ചിരുന്നില്ല. ഇത് കർഷകരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കിയിരുന്നു.
എന്നാൽ ഇന്നലെ നിരവധി കർഷകരാണ് കരമടച്ചത്. പോക്കുവരവ് നടത്തുന്നതിനും മറ്റുമായി കർഷകർ എത്തിയെങ്കിലും അപേക്ഷ വാങ്ങുകയേ ചെയ്തുള്ളു. ഔദ്യോഗിക അറിയിപ്പു വന്ന ശേഷം നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ കെ.രജനി അറിയിച്ചു. ആറ് സർവ്വേ നമ്പരുകളിലും, പതിനൊന്ന് സബ് ഡിവിഷനുകളിലുമുള്ള പട്ടയഭൂമിയിലെ കരം അടക്കൽ, പോക്കുവരവ്, നിജസ്ഥിഥിതി തുടങ്ങിയ നടപടികൾ 2015 ഫെബ്രുവരി 23 നാണ് ഉത്തരവിലൂടെ ലാന്റ് റവന്യൂ സെക്രട്ടറി തടഞ്ഞത്. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.