തൊടുപുഴ​​​​ : ഒരു ദിവസം ലക്ഷങ്ങളുടെ ബിസിനസ് നടത്തുന്ന സർക്കാർ സ്ഥാപനമാണ്, പക്ഷെ ഓഫീസിന്റെ അവസ്ഥ ഏറെ പരിതാപകരം. ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ നിന്നും വിവിധ ഇനങ്ങളിലായി ഒരു ദിവസം വിറ്റഴിക്കുന്നത് ആറര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്.ഓണം,​വിഷു,​ക്രിസ്തുമസ്,​റംസാൻ തുടങ്ങിയ ഫെസ്റ്റിവൽ സീസണുകളിൽ ഒരു ദിവസത്തെ വ്യാപാരം പതിനഞ്ച് ലക്ഷത്തിലേക്കും ഉയരും.എന്നാൽ ദിനവും ലക്ഷങ്ങളുടെ ക്രയവിക്രയം നടത്തുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ അവസ്ഥ ഏറെ ദയനീയമാണ്.ഓഫീസിന്റെ ജനലിന്റേയും വാതിലിന്റേയും കയറി വരുന്ന വഴിയിലും ജീവനക്കാ‍ർ ഇരിക്കുന്നതിന്റെ ചുറ്റിലുമെല്ലാം പഴകി ദ്രവിച്ച ലോട്ടറി ടിക്കറ്രുകൾ ചാക്കിലും കട്ടിക്കൂടുകളിലും കുത്തി നിറച്ച് വെച്ചിരിക്കുകയാണ്. .ജില്ലാ ലോട്ടറി ഓഫീസർ ഉൾപ്പടെ 17 ജീവനക്കാർ വനിതകളുമാണ്.

കാഞ്ഞിരമറ്റം ജംഗ്ഷനിൽ പ്രവർത്തിച്ച് വന്നിരുന്ന ജില്ലാ ഓഫീസ് 2007 മുതലാണ് ഇവിടേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്.900 ചതുരശ്ര മീറ്റർ വിസ്തൃതിയുളള കെട്ടിടത്തിൽ ഒരു മാസം 10,​000 രൂപ നൽകിയാണ് ഇപ്പോഴുളള ഓഫീസ് പ്രവർത്തിച്ച് വരുന്നത്.കുറഞ്ഞത് 3000 ചതുരശ്ര മീറ്റർ എങ്കിലും വിസ്തൃതിയുളള കെട്ടിടത്തിലാവണം ജില്ലാ ലോട്ടറി ഓഫീസുകൾ പ്രവർത്തിപ്പിക്കാവൂ എന്നാണ് വകുപ്പിൽ നിന്നുളള നിർദ്ദേശം

പൊതു അവധി ദിവസം കഴിഞ്ഞുളള പ്രവർത്തി ദിവസങ്ങളിൽ ലോട്ടറി ഏജന്റുമാർ വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുമ്പോൾ നിന്ന് തിരിയാൻ കഴിയാത്ത അവസ്ഥയാണ് നില നിൽക്കുന്നതും.

ഒരു ദിവസം വിവിധ ഇനങ്ങളിലായി 6,​428,​571 രൂപയുടെ 2,​520,​000 ടിക്കറ്റുകളാണ് ജില്ലാ ഓഫീസിൽ എത്തുന്നത്.ഇത് സുരക്ഷിതമായി സൂക്ഷിക്കാനും നിലവിലുളള ഓഫീസിൽ സൗകര്യമില്ല.

ടിക്കറ്റുകൾ അട്ടിയായി ....

പ്രൈസ് അടിച്ചതും വിൽപ്പന നടക്കാത്തതുമായ കഴിഞ്ഞ നാല് വർഷത്തെ ടിക്കറ്റുകളാണ് ഇവിടെ ചാക്കിലും കട്ടിക്കൂടുകളിലുമായി അട്ടിയായി സൂക്ഷിച്ചിരിക്കുന്നത്.സംസ്ഥാന ഭാഗ്യക്കുറി ഓഫീസർ സംസ്ഥാന തലത്തിൽ ക്വട്ടേഷൻ ക്ഷണിച്ചാണ് ജില്ലാ തലത്തിലുളള പഴകിയ ലോട്ടറികളുടെ വിൽപ്പന നടത്തിയിരുന്നത്.എന്നാൽ പഴയ ടിക്കറ്റുകൾ മാറ്റുന്നതിന് കേന്ദ്ര സർക്കാർ അടുത്ത നാളിൽ നയപരമായ തീരുമാനം എടുത്തതിനാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം മാത്രമേ ഇതിൽ നടപടികൾ എടുക്കാൻ സാധിക്കുകയുള്ളു.

ജീവനക്കാർ 35:

ജില്ലാ ലോട്ടറി ഓഫീസ്,​കാരുണ്യ ചികിത്സാ വിഭാഗം,​ലോട്ടറി ക്ഷേമ നിധി ഓഫീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ജില്ലാ ലോട്ടറി ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നത്.ജില്ലാ ലോട്ടറി ഓഫീസർ 1,​ഓഫീസിലെ സ്ഥിരം,​താൽക്കാലികം എന്നിങ്ങനെയുളള മറ്റ് ജീവനക്കാർ 28,​കാരുണ്യ വിഭാഗത്തിൽ 2,​ലോട്ടറി ക്ഷേമ നിധി വിഭാഗത്തിൽ 4 എന്നിങ്ങനെയാണ് ഇവിടെ പ്രവർത്തിക്കുന്ന ജീവനക്കാരുടെ എണ്ണം.