മറയൂർ: ഇടനിലക്കാർ അമിതലാഭം കെയ്യാൻ തുടങ്ങിയതോടെ വനവാസികൾ പുൽത്തൈല നിർമ്മാണത്തിൽ നിന്നും അകലുന്നു.അഞ്ചുനാട്ടിൽ പുൽത്തൈല നിർമ്മാണത്തിനുള്ള ഇഞ്ചപ്പുല്ല് ലഭ്യമാണെങ്കിലും പാകപ്പെടുത്തി എടുക്കുന്നതിനുള്ള അമിത ചെലവും വിപണനത്തിലെ ഇടനിലക്കാരുടെ ഇടപെടലുമാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മറയൂർ -കാന്തല്ലൂർ മേഖലയിലെ നല്ലൊരുശതമാനം ആദിവാസികളുടെയും ജീവിത മാർഗമാണ് പുൽതൈലം വാറ്റ്. അഞ്ചുനാട് മേഖലയിൽ ധാരാളം ഇഞ്ചപ്പുൽ കൃഷി ഉണ്ടെങ്കിലും കൃഷിയുടെ ഭൂരിഭാഗവും ആദിവാസി കൃഷി ഭൂമിയിലാണ്. ഇപ്പോഴും അറുനൂറ് ഏക്കറിലധികം സ്ഥലത്ത് പുൽകൃഷിയുണ്ടെന്നാണ് കണക്കാക്കുന്നത്.അധികരിച്ച് വരുന്ന കൂലിചെലവും നിർമ്മാണ സാമഗ്രികളുടെ വിലയേറ്റവും വിറകിന്റെ അഭാവവുമാണ് ഓരോ വർഷവും പുൽതൈലം വാറ്റ് കുറയാൻ പ്രധാന കാരണമാകുന്നത്. മുൻ കാലങ്ങളിൽ വനങ്ങളിൽ നിന്ന് ധാരാളം ഉണങ്ങിയ വിറകുകൾ ലഭ്യമായിരുന്നതിനാൽ നിർമ്മാണ ചെലവ് വളരെ കുറവായിരുന്നു.
പ്രധാനമായും ആദിവാസികളാണ് തൈലം വാറ്റുന്നത്. ഇടനിലക്കാർ മുൻകൂട്ടി ആദിവാസികൾക്ക് പണം നൽകുന്നതാണ് ഈതൊഴിലുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണത്തിന് തുടക്കം. തൈലം വാറ്റി അതുമായെത്തുമ്പോൾ തുശ്ചമായ വില നൽകിയാണ് ഇടനിലക്കാർ ശേഖരിക്കുന്നത്.
ഒരു ചെമ്പ് പുല്ല് വാറ്റിയാൽ ശരാശരി ലഭിക്കുന്നത് 250 ഗ്രാം തൈലമാണ്. ഇത്രയും തൈലത്തിന് ലഭിക്കുന്നത് മുന്നൂറ് രൂപ വരെ. ഏകദേശം ഒരു ദിവസമെങ്കിലും വേണം ഇത്രയും തൈലം വാറ്റിയെടുക്കാൻ. ഒരു കിലോ പുൽതൈലത്തിന് ആയിരം രൂപ മുതൽ ആയിരത്തി ഇരുനൂറ് രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. എന്നാൽ ഇത് ഇരട്ടിയിലേറെ വിലയ്ക്കാണ് വിപണിയിലെത്തുന്നത്.
സോപ്പ് , ഫിനോയിൽ, കോൾഡ് റബ്, റൂം സ്‌പ്രേ എന്നിവയുടെ നിർമ്മാണത്തിനാണ് പുൽത്തൈലം പ്രധാനമായി ഉപയോഗിക്കുന്നത്. പുൽതൈലം ഉപയോഗിച്ചുള്ള അനുബന്ധ വ്യവസായങ്ങളൊന്നും പ്രദേശത്ത് ഇല്ല .
സർക്കാരിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ പുൽതൈല നിർമ്മാണത്തിന് കാര്യമായ ധനസഹായമോ മറ്റ് നൂതന രീതികൾ നിർദ്ദേശിക്കാനില്ലാത്തതും തൈലവാറ്റ് നിർമ്മാണത്തിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ട്. വല്ലപ്പോഴും സൗജന്യമായി വാറ്റ് ഉപകരണങ്ങൾ ലഭിക്കൂന്നത് മാത്രമാണ് ഏക ആശ്വാസം. ആധുനികവൽക്കരണം ഇപ്പോഴും അന്യം.
വനം വകുപ്പും ത്രിതല പഞ്ചായത്തും ഇടപെട്ട് ആദിവാസികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി വനം വകുപ്പിന്റെ ലേലവിപണി വഴി വിറ്റഴിച്ച് ന്യായ വില ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിൽ നിന്നാണ് പുൽതൈലം നിർമ്മിക്കുന്നത്.ഇളംചെടിയിലാണ് പുൽതൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളിൽ നിന്നും 70 മുതൽ 80ശതമാനം പുൽതൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വർഷത്തിൽ പലതവണ ഇലകൾ കൊയ്‌തെടുക്കാം.
സിട്രാൾ ആണ് പുൽ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാൽ തൈലം ചികിത്സാരംഗത്തും വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ആയുർവേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാൽ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയിൽ നേർപ്പിച്ച തൈലം പുരട്ടിയാൽ ആശ്വാസം കിട്ടും.