nedumkandam-police-arrest

ഇടുക്കി: കസ്റ്റഡി മരണക്കേസിൽ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി എ.എസ്.ഐ സി.ബി. റെജിമോൻ,​ മൂന്നാം പ്രതി പൊലീസ് ഡ്രൈവറും സി.പി.ഒയുമായ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാനിയമം 302, 343, 323, 324, 330, 331, 34 എന്നീ വകുപ്പുകൾ പ്രകാരം കൊലക്കുറ്റം, അന്യായ തടങ്കൽ, ക്രൂരമർദ്ദനം, പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കൽ, കുറ്റകൃത്യം മറച്ചുവയ്ക്കൽ, സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യൽ എന്നിവയാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇരുവരും കുറ്റം സമ്മതിച്ചതായാണ് സൂചന. ഇരുവരും കഴിഞ്ഞ 25 മുതൽ സസ്‌പെൻഷനിലായിരുന്നു. അന്വേഷണസംഘം ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രതികളെ നെടുങ്കണ്ടത്ത് ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന ഗവ. ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. ആദ്യം നിയാസ് സഹോദരനും അളിയനും സുഹൃത്തുക്കൾക്കുമൊപ്പമെത്തി. പിന്നാലെ റെജിമോനും എത്തി. ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു, ഡിവൈ.എസ്.പി ജോൺസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വൈകിട്ട് 5.30ന് അറസ്റ്റ് രേഖപ്പെടുത്തി. ആറ് മണിയോടെ നിയാസിനെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. ഏഴരയോടെ റെജിമോനെയും തെളിവെടുപ്പിനായി ഇവിടെയെത്തിച്ചു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും കുറ്റസമ്മതമൊഴിയും കണക്കിലെടുത്താണ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൂട്ടത്തിൽ നിയാസാണ് രാജ്കുമാറിനെ കൂടുതൽ മർദ്ദിച്ചതെന്ന് മൊഴിയുണ്ടായിരുന്നു.

ഇവരുടെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തേ അറസ്റ്റിലായ എസ്.ഐ കെ.എ. സാബുവും സി.പി.ഒ സജീവ് ആന്റണിയും റിമാൻഡിൽ കഴിയുകയാണ്. കേസിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ കൂടി പ്രതി ചേർത്തേക്കുമെന്നാണ് സൂചന. തൂക്കുപാലത്തെ ഹരിതാ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാറിനെ (53) ജൂൺ 12ന് അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തു ക്രൂരമർദ്ദനത്തിനിരയാക്കിയെന്നാണ് കേസ്. 16ന് അറസ്റ്റ് ചെയ്ത് പീരുമേട് സബ്ജയിലിൽ റിമാൻഡ് ചെയ്യുകയും 21ന് കടുത്ത ന്യുമോണിയയെ തുടർന്ന് രാജ്കുമാർ മരിക്കുകയുമായിരുന്നു. ക്രൂരമർദ്ദനത്തെ തുടർന്ന് ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമാണ് ന്യുമോണിയ പിടിപെടാൻ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വായ്പാതട്ടിപ്പു കേസിലെ പ്രതി മഞ്ജുവിനെയും ക്യാമ്പ് ഓഫീസിൽ വിളിച്ചു വരുത്തി ഇന്നലെ ചോദ്യം ചെയ്തിരുന്നു.