ഇടുക്കി: ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ മുന്നിൽ എ.എസ്.ഐ റെജിമോനും പൊലീസ് ഡ്രൈവർ നിയാസും ആദ്യമൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തെളിവുകൾ നിരത്തിയുള്ള എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇരുവരും അടിയറവ് പറഞ്ഞു. ഇതിൽ നിയാസ് അന്വേഷണസംഘത്തിന് മുന്നിൽ കുറ്റമേറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞതായാണ് സൂചന. കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും രക്ഷിക്കണമെന്നും ഇയാൾ കേണപേക്ഷിച്ചതായാണ് വിവരം. രാജ്കുമാർ ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം സൂക്ഷിച്ച സ്ഥലം കണ്ടെത്താനാണ് മർദ്ദിച്ചതെന്ന് ഇരുവരും മൊഴി നൽകി. രാവിലെ പത്ത് മണിയോടെ നിയാസാണ് ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസായ നെടുങ്കണ്ടം പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിൽ ആദ്യമെത്തിയത്. കാറിലെത്തിയ നിയാസിനൊപ്പം സഹോദരനും അളിയനും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് കാന്റീനിൽ നിന്ന് ഇരുവർക്കും ഉച്ചഭക്ഷണം വരുത്തി നൽകി. ഉച്ചകഴിഞ്ഞ് തെളിവുകൾ അക്കമിട്ട് നിരത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചതോടെ അറസ്റ്റിനുള്ള നടപടികളാരംഭിച്ചു. ഇരുവരുടെയും വീട്ടുകാരെ അന്വേഷണസംഘം അറസ്റ്റ് സംബന്ധിച്ച വിവരമറിയിച്ചു. തുടർന്ന് 5.30ന് അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് തെളിവെടുപ്പ് ആരംഭിച്ചു. ആറ് മണിയോടെ നിയാസിനെ റസ്റ്റ്ഹൗസിന് അടുത്ത് തന്നെയുള്ള നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാജ്കുമാറിനെ മർദ്ദിച്ച സ്റ്റേഷനിലെ മുകളിലെ വിശ്രമ മുറിയിൽ തെളിവെടുപ്പ് തുടങ്ങി 7.30ന് ഇവിടേക്ക് എ.എസ്.ഐ റെജിമോനെയും കൊണ്ടുവന്നു. രാജ്കുമാറിനെ മർദ്ദിച്ചതെങ്ങനെയെന്ന് ഇരുവരും വിവരിച്ചു. ഇവിടെ നിന്ന് രാജ്കുമാറിനെ മർദ്ദിക്കാനുപയോഗിച്ച ലാത്തി അന്വേഷണസംഘം കണ്ടെടുത്തു. സ്റ്റേഷനിലെ പരിശോധനയിൽ മുളക് സ്പ്രേയും കണ്ടെടുത്തു. സ്റ്റേഷനിൽ വരുന്ന പ്രതികളെ സ്ഥിരമായി പീഡിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതാണിതെന്നാണ് സൂചന. തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും തിരിച്ച് കൊണ്ടുവന്നപ്പോഴും നിയാസ് മുഖം മറച്ച് പൊലീസ് വാഹനത്തിനുള്ളിൽ കുനിഞ്ഞിരുന്നു. എന്നാൽ റെജിമോന് ഒരു കൂസലുമില്ലായിരുന്നു. രാത്രി വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് രാവിലെയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും. ഇതിനിടെ വായ്പാ തട്ടിപ്പ് കേസിലെ പ്രതി മഞ്ജുവിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ശാലിനിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം തുടർച്ചയായി നാലുദിവസം രാജ്കുമാറിനെ പ്രാകൃതമായി മർദ്ദിച്ച നടപടി നെടുങ്കണ്ടം സ്റ്റേഷനിലെ ചില പൊലീസുകാർ ചോദ്യംചെയ്തിരുന്നു. ഇനിയും മർദ്ദനം തുടർന്നാൽ ഇയാൾ മരിച്ചുപോകുമെന്ന് അറസ്റ്റിലായ എസ്.ഐയോട് പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. റെജിമോന്റെയും നിയാസിന്റെയും അറസ്റ്റ് വൈകുന്നതായി ആക്ഷേപമുയർന്നിരുന്നു. സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാൻ ഇടയാക്കിയത്.