തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കുഴ കാവുംഭാഗം കയ്യാനിക്കൽ പ്രസാദിന്റെ മകൻ അനിലാണ് (21) മരിച്ചത്. ഇന്നലെ രാവിലെ 9.45ഓടെ തൊടുപുഴ കൂത്താട്ടുകുളം റോഡിൽ വാഴപ്പിള്ളിക്കു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന അനിലിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: അഞ്ജന. സഹോദരി: അൻസ. സംസ്‌കാരം നടത്തി. രണ്ടാഴ്ച മുമ്പ് അനിലിന്റെ പിതൃസഹോദര പുത്രൻ അമൽ തിരുവനന്തപുരത്തുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.