വെങ്ങല്ലൂർ: നഗരസഭാ മോഡൽ യു.പി സ്‌കൂളിൽ ജനകീയ കൂട്ടായ്മയിൽ വാങ്ങിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരും പി.ടി.എയും അദ്ധ്യാപകരും സംയുക്തമായി പണം പിരിച്ചാണ് സ്‌കൂൾ ബസിനുള്ള തുക കണ്ടെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസഗുണനിലവാരം ഉയർത്തിയിരുന്നു. അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്ന് പോലും ഇവിടേയ്ക്ക് കൂടുതൽ വിദ്യാർത്ഥികൾ ചേരുന്ന സാഹചര്യമുണ്ടായി. ഈ അദ്ധ്യയന വർഷാരംഭം ഉദ്ഘാടനം ചെയ്ത പുതിയ മന്ദിരത്തിന്റെ മുകളിൽ ഒരു നില കൂടി പൂർത്തിയാക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി പി.ജെ. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തൊടുപുഴ നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 20 ലക്ഷം രൂപ വീതം അനുവദിച്ചു. രണ്ടാം നിലയിൽ ക്ലാസ് മുറികൾക്കു പുറമെ ഡിജിറ്റൽ ലൈബ്രറി, ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കും. ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമാണത്തിന് മുൻ എം.പി 35 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ അനുമതിയായിട്ടുണ്ട്. സ്‌കൂൾ ബസ് ഫ്ളാഗ് ഒഫ് ചടങ്ങിൽ പി.ടി.എ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ.കെ. ഷിംനാസ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണി, വാർഡ് കൗൺസിലർ രാജീവ് പുഷ്പാംഗദൻ, ഹെഡ്മാസ്റ്റർ ടോം വി തോമസ് എന്നിവർ സംസാരിച്ചു.