car

രാജാക്കാട് : രാജകുമാരി ബി.ഡിവിഷൻ പ്രദേശത്ത് കാട്ടാനശല്ല്യം രൂക്ഷമായി. കൃഷി ദേഹണ്ഡങ്ങൾ വ്യാപകമായി നശിപ്പിച്ചതിന് പുറമെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർക്കാനും ശ്രമം. അങ്ങാടിയത്ത് ജെയ്‌സന്റെ കാറാണ് ഒറ്റയാൻ കൊമ്പുകൊണ്ട് കുത്തി നശിപ്പിക്കുവൻ ശ്രമിച്ചത്. വീട്ടുകാർ ഉണർന്ന് ബഹളം വച്ചതിനാൽ ആന പിന്മാറി.

ആനയിറങ്കൽ മേഖലയിൽ നിന്നും എത്തുന്ന കാട്ടാനകൾ രണ്ട് മാസമായി ബി.ഡിവിഷൻ, മഞ്ഞക്കുഴി, വാതുകാപ്പ്, മുതുവാക്കുടി മേഖലകളിൽ വ്യാപകമായ നാശനഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനിടെ രണ്ട് വീടുകൾ തകർത്തതിന് പുറമെ ഏലം, വാഴ, പച്ചക്കറികൾ, കുരുമുളകുചെടികൾ തുടങ്ങിയവ വൻ തോതിൽ ചവിട്ടി നശിപ്പിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഇതുമൂലം വന്നിരിക്കുന്നത്. ആനശല്ല്യം മൂലം കൃഷി ചെയ്യാതെ തരിശിടുകയാണ് മിക്കവരും. ഞായറാഴ്ച്ച രാത്രി എത്തിയ ഒറ്റയാൻ കൃഷികൾ തിന്ന് നശിപ്പിച്ച ശേഷം ഇന്നലെ വെളുപ്പിനെ ജെയ്‌സന്റെ വീടിന് സമീപം എത്തി കോഴിക്കൂട് മറിച്ചിട്ടു. ശബ്ദ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ തൊഴിലാളി ആനയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. ജെയ്‌സനും സമീപവാസികളും ചേർന്ന് പാട്ടകൊട്ടിയും, ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് ആനയെ അകറ്റിയത്.തികഞ്ഞ കാർഷിക മേഖലയായ പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയാണ് കാട്ടാനകൾ വരുത്തിവച്ചിരിക്കുന്നത്. കൃഷിനഷ്ടത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും വനപാലകർ അവഗണിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. ആനകളുടെ നീക്കം നിരീക്ഷിക്കുന്നതിനും, ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയുന്നതിനുമായി വാച്ചർമാരെ വനം വകുപ്പ് നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം പ്രദേശത്ത് ലഭിക്കുന്നില്ല. മൊബൈൽ ഫോണിലൂടെ ആനയുടെ നീക്കം ജനങ്ങളെ അറിയിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള എസ്.എം.എസ് മുന്നറിയിപ്പ് സംവിധാനവും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.