ചെറുതോണി: ജില്ലയിൽ കടബാദ്ധ്യത മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 29 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 9 കർഷകരാണ് കടബാധ്യതമൂലം മരണപ്പെട്ടതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നത്. വൈദ്യുതി മന്ത്രി എം എം മണി, എം പി ആയിരുന്ന അഡ്വ. ജോയ്‌സ് ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി വി വർഗീസ് എന്നിവർ മരണപ്പെട്ടവരുടെ ഭവനം സന്ദർശിക്കുകയും മരണാനന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 29 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇടുക്കി കളക്‌ട്രേറ്റിൽ എത്തി. തോപ്രാംകുടിയിൽ കെ എസ് എഫ് ഇ യിൽ വലിയ കടബാധ്യതയുണ്ടായിരുന്ന മേരിഗിരി താന്നിക്കാട്ട്കാല സന്തോഷ് ആത്മഹത്യ ചെയ്തിരുന്നു. സന്തോഷിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് ലക്ഷം രൂപ മകളുടെ പേരിൽ ബാങ്ക് നിക്ഷേപമായും 3 ലക്ഷം രൂപ ഭാര്യയ്ക്കും. ആത്മഹത്യ ചെയ്ത കർഷകരായ മറ്റ് എട്ടുപേരുടേയും കുടുംബാംഗങ്ങൾക്ക് 3 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പെരിഞ്ചാംകുട്ടി നക്കരയിൽ ശ്രീകുമാർ, ചെമ്പകപ്പാറ കുന്നുപുറത്ത് സഹദേവൻ, പാറത്തോട് വരിയ്ക്കാനിക്കൽ ജെയിംസ്, ആനവിരട്ടി കോട്ടക്കലിൽ ശ്രീധരൻ, ചെമണ്ണ് കൊച്ചുതലയ്ക്കൽ തറയിൽ രാജൻ, അടിമാലി കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ, വാഴത്തോപ്പ് നെല്ലിപ്പുഴയിൽ ജോണി, കഞ്ഞിക്കുഴി പുന്നയാർ വെട്ടിയ്ക്കാപ്പിള്ളിയിൽ ദിവാകരൻ എന്നിവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ അനുവദിച്ചു നൽകിയിട്ടുള്ളത്‌.