തൊടുപുഴ: പാറി പറക്കേണ്ട പ്രായത്തിൽ മുട്ടിലിഴഞ്ഞു നടന്ന ദുരവസ്ഥയിൽ നിന്ന് രണ്ടു കുരുന്നുകൾ ജീവിതത്തിലേയ്ക്ക് പിച്ചവച്ചു തുടങ്ങി. പട്ടയംകവല ബിൻഷാദ്- റഹീമ ദമ്പതികളുടെ മകൻ മുഹമ്മദ് അമാൻ (അഞ്ച്), മുതലക്കോടം കാരൂപ്പാറ പേഴുംകാട്ടിൽ അസീസ്- ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ (നാല്) എന്നിവർക്കാണ് ആയുർവേദവും അലോപ്പതിയും ഒരുമിച്ചപ്പോൾ ജീവിതം തിരികെ ലഭിച്ചത്. ജന്മനാ സുഷുമ്നാ നാഡിയിൽ ഉണ്ടായ മുഴ മൈനോമെനിഞ്ചോമയോസിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അരയ്ക്കു താഴേയ്ക്ക് തളർന്ന അവസ്ഥയിലായിരുന്നു കുരുന്നുകൾ. ജന്മനാ തന്നെ ഇരുവർക്കും സുഷുമ്‌നാ നാഡിയിൽ സമാന രീതിയിൽ മുഴ വളരുകയായിരുന്നു. ഒപ്പം തലയിൽ വെള്ളക്കെട്ടും രൂപപ്പെട്ടത് ആരോഗ്യനില വഷളാക്കി. മൈലോമെനിൻജോസിലിനൊപ്പം ഹൈഡ്രോസെഫാലസും ബാധിച്ച നിലയിലായിരുന്നു കുട്ടികൾ. ജീവിതം മുട്ടിലിഴഞ്ഞു നടക്കേണ്ട അവസ്ഥയിലായിരുന്നു ഇരുവരും. ഒടുവിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ പഞ്ചകർമ്മ ചികിത്സയിലെ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞാണ് ഒരുവർഷം മുമ്പ് ഇവിടെയെത്തിയത്. പഞ്ചകർമ്മ ചികിത്സയ്‌ക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറിന്റെയും ആയുർവേദ തെറാപ്പിസ്റ്റുമാരായ അനുരാജ്, സൽമ എന്നിവരുടെ മേൽനോട്ടത്തിലുള്ള ചിട്ടയായ തെറാപ്പിയും ഇരുവരെയും ചുവടു വയ്ക്കാൻ സഹായിച്ചു. നിലവിൽ മുഹമ്മദ് അമാന് സ്‌കൂളിൽ പോകാവുന്ന അവസ്ഥയിലേയ്ക്ക് അസുഖം ഭേദമായി തുടങ്ങി. ഫാത്തിമ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ചുവടു വയ്ക്കും.
''ആദ്യ ഘട്ടം അലോപ്പതിയും രണ്ടാം ഘട്ടം ആയുർവേദവും ഫിസിയോ തെറാപ്പിയുമാണ് കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരാൻ സഹായിച്ചത്. തുടർ ചികിത്സ വഴി ഒരു വർഷത്തിനുള്ളിൽ പൂർണ ആരോഗ്യത്തോടെ ഇരുവരും ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷ"
- ഡോ. സതീഷ് വാര്യർ (പഞ്ചകർമ്മ സ്‌പെഷ്യലിസ്റ്റ്, തൊടുപുഴ ഗവ. ആയുർവേദ ആശുപത്രി)
കുട്ടികൾക്ക് ഒരു വാർഡ് ഇനിയും സ്വപ്നം
നിരവധി പേരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തിയെങ്കിലും ജില്ലാ ആയുർവേദ ആശുപത്രിയിൽ കുട്ടികൾക്ക് സ്വന്തമായി ഒരു വാർഡ് എന്ന സ്വപ്‌നം ഇനിയും അവശേഷിക്കുന്നു. ആയുർവേദ ആശുപത്രിയുടെ കൈപ്പുണ്യം കേട്ടറിഞ്ഞ് ദൂരെ ദിക്കുകളിൽ നിന്ന് പോലും നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ജന്മനാ തളർച്ച ബാധിച്ചവർ ഉൾപ്പെടെ നിരവധി കുട്ടികളും ഇവിടെ എത്തുന്നുണ്ട്. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവരുടെ തുടർ ചികിത്സകൾക്ക് തടസമാകുന്നുണ്ട്. നിലവിൽ സ്ത്രീകളുടെ വാർഡിലും മറ്റും അഡ്മിറ്റ് ചെയ്താണ് തുടർ ചികിത്സ നടത്തുന്നത്. ശിശുസൗഹൃദ വാർഡുകൾ സ്ഥാപിച്ച് തുടർചികിത്സ ഒരുക്കിയാൽ വളരെ വേഗത്തിൽ കുട്ടികൾ അസുഖത്തിൽ നിന്നു മുക്തമാകുമെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി പി.ജെ ജോസഫ് എം.എൽ.എ രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ കുട്ടികളുടെ വാർഡും ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാരും ജനങ്ങളും.