ഒന്നേകാൽ വർഷത്തിനിടെ കസേരയൊഴിഞ്ഞത് 6 എസ്.ഐമാർ

ഒരു വർഷത്തിനിടെ നടപടി നേരിട്ടത് സി.ഐ അടക്കം ഇരുപത് പേർ

രാജാക്കാട് : നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എസ്. ഐമാർ വാഴില്ല എന്ന് തോന്നുന്നു, 15 മാസത്തിനിടെ കസേരയൊഴിഞ്ഞത് ആറ് എസ്.ഐമാരാണ്. ഒരു വർഷത്തിനിടെ നടപടി നേരിട്ടത് സി.ഐ അടക്കം ഇരുപത് പേർക്കും. 2018 മാർച്ചിൽ അന്നത്തെ എസ്.ഐ ഇ.കെ.സോൾജിമോൻ പ്രമോഷനോടുകൂടി സ്ഥലം മാറിപോയപ്പോൾ പകരം ചാർജെടുത്ത എം.പി സാഗറിനെ ഏഴാം നാൾ സ്ഥലം മാറ്റി. ഭരണകക്ഷിയുടെ അതൃപ്തി ആയിരുന്നു കാരണം. മൂന്നാർ കുമളി സംസ്ഥാന പാതയിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ ചെഗുവേരയുടെ ചിത്രം റോഡിൽ വരച്ചത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ എസ്.ഐ സാഗർ തടയുകയുണ്ടായി. തുടർന്ന് ഇദേഹത്തെ വാഗമണ്ണിലേക്ക് സ്ഥലം മാറ്റി. പിന്നീട് ചാർജ്ജ് എടുത്ത കെ.എസ്.ശ്യാംകുമാറിന് പതിനെട്ട് ദിവസത്തിനു ശേഷം സ്ഥലം മാറ്റം കിട്ടി. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിൽ മരം മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കട്ടപ്പനക്കാരയ ബിസിനസുകാരനെ സ്‌റ്റേഷനിൽ മണിക്കൂറുകൾ ഇരുത്തി അപമാനിച്ചുവെന്ന പരാതിയിലായിരുന്നു സ്ഥലം മാറ്റം. പിന്നീട് എത്തിയ കെ.പി.മനീഷ് ആണ് ഇതിനിടയിൽ കൂടുതൽ കാലം കസേര ഇളകാതെ ഇരുന്നത്. എന്നാൽ ഇക്കാലയളവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇദ്ദേഹം അവധിയിൽ പ്രവേശിച്ചു. പകരം ചാർജിൽ ഉണ്ടായിരുന്ന സാബു മാത്യു കൈക്കൂലികേസിൽ കുടുങ്ങി സസ്‌പെൻഷനിലയി. അന്ന് സി.ഐ ആയിരുന്ന ബി. അയൂബ്ഖാനും ഇതേ സംഭവത്തിൽ മറ്റൊരു കേസിൽ സസ്‌പെൻഷനിലായിരുന്നു.അവധികഴിഞ്ഞ് എത്തിയ മനീഷ് പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറിപ്പോയപ്പോൾ പകരം എത്തിയതാണ് ഇപ്പോൾ അറസ്റ്റിലായ എസ്.ഐ കെ.എ.സാബു. ആഴ്ച്ചകൾക്കുള്ളിൽ മാറ്റം ഉണ്ടാകാനിരിക്കെയാണ് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ തുടർന്ന് ഇദ്ദേഹം സസ്പൻഷനിലാകുന്നത്. ഒരു വർഷത്തിനിടെ ഇരുപതോളം ഉദ്യോഗസ്ഥർ നടപടിയ്ക്ക് വിധേയരായെന്ന മറ്റൊരു ദുഷ്‌പ്പേരും സ്റ്റേഷന് സ്വന്തമായുണ്ട്. ഇതിൽ രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സ്ഥലം മാറ്റിയ എസ്.ഐ ഉൾപ്പെടെയുള്ള 5 പേരും സസ്പ്പൻഷനിലായ 8 പേരും ഉൾപ്പെടുന്നു.